മുംബൈ: ബിജെപിയെ പ്രതിരോധത്തിലാക്കി മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് ശിവസേന. മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിടണമെന്നാണ് ശിവസേനയുടെ നിലപാട്. ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മുംബൈയിലെ വർളിയിൽ ശിവസേന പ്രവർത്തകർ കൂറ്റൻ ഫ്ളക്സ് ഉയർത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആദിത്യയെ ശിവസേന ഉയർത്തി കാണിച്ചിരുന്നു.
288 അംഗ നിയമസഭയിൽ ബിജെപിക്ക് 105 സീറ്റ് ലഭിച്ചപ്പോൾ ശിവസേനയ്ക്ക് 56 സീറ്റാണ് ലഭിച്ചത്, പ്രതിപക്ഷത്ത് എൻസിപിക്ക് 54ഉം കോൺഗ്രസിന് 44ഉം സീറ്റുകളും. നിലവിൽ ബിജെപി-ശിവസേന സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാൽ മുഖ്യമന്ത്രിപദം രണ്ടരവർഷം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യമാണ് ബിജെപിക്കും ദേവേന്ദ്ര ഫട്നാവിസിനും മുന്നിലെ പ്രതിസന്ധി. ഇതിനിടെ ശിവസേന തലവൻ ഉദ്ദവ് താക്കറെ എംഎൽഎമാരെ തന്റെ വസതിയായ മാതോശ്രീയിലേക്ക് വിളിച്ച് ചർച്ചയും നടത്തുന്നുണ്ട്.
അതേസമയം, ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനായി ശിവസേനയെ കൂട്ടുപിടിച്ച് നീക്കം നടത്താൻ ആലോചനയുമായി കോൺഗ്രസ് ക്യാംപ് സജീവമായി. ബിജെപി-ശിവസേന സംഖ്യത്തിലെ ഭിന്നത മുതലാക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ബിജെപി സർക്കാരുണ്ടാക്കുന്നത് തടയാൻ ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കണയ്ക്കാമെന്ന് മുൻമുഖ്യമന്ത്രി അശോക് ചവാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ അഭിപ്രായം കൂട്ടുകക്ഷിയായ ശരദ് പവാറിന്റെ എൻസിപി തള്ളിയതോടെ പരസ്യനീക്കങ്ങൾ കോൺഗ്രസ് ഉപേക്ഷിച്ചെന്നാണ് സൂചന. ശിവസേനയുമായി ഒരു നീക്കുപോക്കും വേണ്ടെന്ന നിലപാട് ശരദ് പവാർ കൈക്കൊള്ളുകയായിരുന്നു.
ഉപമുഖ്യമന്ത്രി പദം ആദിത്യ താക്കറെയ്ക്ക് നൽകി പ്രശ്നങ്ങൾ തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ, ഉദ്ദവ് താക്കറെയുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ്അറിയുന്നത്. അതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രമായ സാമ്ന രംഗത്ത് എത്തി. ശക്തനാണ് താനെന്ന് സ്വയം വരുത്തി തീർക്കാൻ ദേവേന്ദ്ര ഫഡ്നാവിസ് ശ്രമിച്ചെന്നും അതിൻറെ പരിണിത ഫലമാണ് തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിയെന്നും സാമ്നയിൽ വന്ന ലേഖനം കുറ്റപ്പെടുത്തുന്നു.
Discussion about this post