ന്യൂഡൽഹി: 2020ൽ രാജ്യസഭയിലും ഭൂരിപക്ഷം നേടി സമ്പൂർണ്ണ ആധിപത്യം സ്വപ്നം കണ്ടിരുന്ന ബിജെപിക്ക് തിരിച്ചടിയായി ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും തിരിച്ചടി. 75 സീറ്റ് ഹരിയാനയിലും കേവല ഭൂരിപക്ഷമായ 145 സീറ്റ് മഹാരാഷ്ട്രയിലും ഒറ്റയ്ക്ക് നേടുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാൽ മഹാരാഷ്ട്രയിൽ ഭരണം പിടിച്ചതു തന്നെ ശിവസേനയുടെ പിന്തുണയിലാണ്. ഹരിയാനയിലാകട്ടെ തൂക്കുസഭയും. ഭരണം നേടാൻ സ്വതന്ത്രർ അടക്കമുള്ളവർ കനിയണം.
ഇക്കാരണങ്ങളാൽ ഹരിയാന,മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം രാജ്യസഭയിലെ ബിജെപിയുടെ കണക്ക് കൂട്ടലുകളെ പാടെ തെറ്റിക്കുന്നതാണ്. 2018-ൽ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് തോൽവികളിലെ നഷ്ടം നികത്താൻ മഹരാഷ്ട്രയിലും ഹരിയാനയിലും സാധിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ബിജെപിയുടെ സീറ്റുകൾ കുറയുക മാത്രമല്ല, കോൺഗ്രസിന് സീറ്റുകൾ കൂടുകയും ചെയ്തു. മഹാരാഷ്ട്രയിൽ 19 ഉം ഹരിയാനയിൽ അഞ്ചും രാജ്യസഭാ അംഗങ്ങളാണുള്ളത്. ഹരിയാനയിലെ അഞ്ച് രാജ്യസഭാ അംഗങ്ങളിൽ കോൺഗ്രസിന് ഒന്നും ബിജെപിക്ക് മൂന്നും രാജ്യസഭാ അംഗങ്ങളാണ് നിലവിലുള്ളത്. ഒരാൾ സ്വതന്ത്രനാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യത്തിന് ഏഴ് അംഗങ്ങളും എൻഡിഎ സഖ്യത്തിന് 11 ഉം രാജ്യസഭാംഗങ്ങളുണ്ട്.
ഹരിയാനയിൽ രണ്ട് വീതം രാജ്യസഭാ സീറ്റുകളിലേക്ക് 2020-ലും 2022-ലുമായി തെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ 2020-ൽ ഏഴ് സീറ്റുകളിലേക്കും 2022 ആറ് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഹരിയാനയിലും മഹാരാഷ്ട്രയിലും ഒരു രാജ്യസഭാ എംപിയെ തെരഞ്ഞെടുക്കുന്നതിന് 30 മുതൽ 36 വരെയുള്ള എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. മഹാരാഷ്ട്രയിൽ 163 സീറ്റുകളുള്ള ബിജെപിക്ക് 2020-നാല് പേരെ മാത്രമേ വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ. കോൺഗ്രസ്-എൻസിപി സഖ്യത്തിന് രണ്ട് പേരേയും ജയിപ്പിക്കാൻ കഴിയും. ഹരിയാനയിൽ കോൺഗ്രസിനും ബിജെപിക്കും ഓരോരുത്തരെ മാത്രമേ രാജ്യസഭയിലെത്തിക്കാനാകൂ. 2022-ലും സമാനമായ സ്ഥിതിവിശേഷമാകും ഉണ്ടാകുക. ഒഴിവുള്ള മറ്റുള്ള സീറ്റുകളിൽ ചെറുപാർട്ടികളും സ്വതന്ത്ര എംഎൽഎമാരും നിർണായക ഘടകമാകും.
നിലവിൽ രാജ്യസഭയിൽ ബിജെപിക്ക് 82 എംപിമാരാണ് ഉള്ളത്. കോൺഗ്രസിന് 45 എംപിമാരുണ്ട്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും അടുത്ത വർഷങ്ങളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. 15 എംഎൽഎമാർ മാത്രമുള്ള ഛത്തീസ്ഗഢിൽ ബിജെപിക്ക് ഒരാളേയും ഇവിടെ നിന്ന് രാജ്യസഭയിലെത്തിക്കാനുമാകില്ല. രാജസ്ഥാനിൽ ബിജെപിക്ക് 73 എംഎൽഎമാരുണ്ട്. ഒരാളെ മാത്രമെ ഇവിടെ നിന്ന് ജയിപ്പിക്കാനാകൂ. 109 എംഎൽഎമാരുള്ള മധ്യപ്രദേശിലും സ്ഥിതി സമാനമാണ്. ബിജെപിക്ക് ഛത്തീസ്ഗഢിൽ മൂന്നും മധ്യപ്രദേശിൽ എട്ടും രാജസ്ഥാനിൽ എട്ടും രാജ്യസഭാ എംപിമാരാണ് നിലവിലുള്ളത്.
Discussion about this post