മുംബൈ: തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ഥി. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രിയും പാര്‍ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പങ്കജ മുണ്ടെയാണ് തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞത്. ബന്ധുവും എന്‍സിപി സ്ഥാനാര്‍ത്ഥിയുമായ ധനഞ്ജയ് മുണ്ടെയോട് മത്സരിച്ചാണ് പങ്കജ തോല്‍വി നേരിട്ടത്.
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പേതന്നെ താനാണ് മുഖ്യമന്ത്രി സ്ഥാനത്തെത്തുകയെന്ന് പങ്കജ പറഞ്ഞിരുന്നു. ‘അതെ, മുഖ്യമന്ത്രി സ്ഥാനത്തിനുള്ള നോമിനി ഞാനാണ്. പാര്‍ട്ടി ഈ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.” എന്നായിരുന്നു പങ്കജ പറഞ്ഞിരുന്നത്.
അതേസമയം, തോല്‍വിയ്ക്ക് പിന്നാലെ ജനവിധിയെ ബഹുമാനിക്കുന്നുവെന്നും വീണ്ടും ഊര്‍ജ്ജസ്വലതയോടെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പങ്കജ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരോടും അനുഭാവികളോടും ശാന്തത പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ പ്രമുഖ മുഖങ്ങളില്‍ ഒരാളായ പങ്കജ ബിജെപിയുടെ ശക്തമായ സ്ഥാനാര്‍ത്ഥിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും അവരുടെ പ്രചാരണ വേളയില്‍ പങ്കെടുത്തിരുന്നു.
തന്റെ തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രവര്‍ത്തകരോട് പങ്കജ വാഗ്ദാനം ചെയ്തു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.