ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് ഇത്തവണ പടക്കരഹിത ദീപാവലി. പടക്കങ്ങള്‍ അന്തരീക്ഷ വായുവിനെ മലിനമാക്കുന്നതിനാലാണ് ഇത്തവണ പടക്കങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പകരം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 26 മുതല്‍ നാലു ദിവസത്തേക്ക് ലേസര്‍ ഷോ നടത്താനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് അന്തരീക്ഷ വായു ഏറ്റവും മോശമായ ലോക നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും ഉള്‍പ്പെട്ടത്. അന്തരീക്ഷ നിലവാര സൂചിക അനുസരിച്ച് 0-50 വരെയാണ് സുരക്ഷിത നില. 300 നു മുകളിലുള്ളതെല്ലാം അപകടകരമായ അവസ്ഥയാണെന്നണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം നഗരത്തിലെ പല സ്ഥലങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ആയിരത്തിനും മുകളിലെത്തിയിരുന്നു എന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് ഇത്തവണ പടക്കങ്ങള്‍ ഒഴിവാക്കി ദീപാവലി ആഘോഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.