ഭാര്യയെ വിഷം നല്‍കി കൊന്ന ശേഷം സിഐഎസ്എഫ് ജവാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സിഐഎസ്എഫ് ജവാന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ദാരുണ സംഭവം നടന്നത്.

ലഖ്‌നൗ: ഭാര്യക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സിഐഎസ്എഫ് ജവാന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ദാരുണ സംഭവം നടന്നത്. അജിത്ത് എന്നയാളാണ് ഭാര്യ ജൂലിക്ക് വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ ജൂലി മരിച്ചു. അജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാസിംപൂര്‍ പവര്‍ഹൗസില്‍ അജിത്ത് ചൊവ്വാഴ്ച ജോലിക്ക് എത്താതിരുന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അജിത്തിനെ ഓഫീസില്‍ കാണാത്തതിനെ തുടര്‍ന്ന് ഒപ്പം ജോലി ചെയ്തിരുന്നയാള്‍ അവരുടെ വീട്ടില്‍ എത്തി. നിരവധി തവണ അജിത്തിനെ ഫോണ്‍ വിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ചു കിടക്കുന്ന അഭിജിത്തിന്റെ ഭാര്യ ജൂലിയേയും അബോധാവസ്ഥയിലായ അജിത്തിനെയും കണ്ടത്.

പട്‌ന സ്വദേശിയായ അജിത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജൂലിക്ക് വിഷ ഗുളിക കൊടുത്ത ശേഷം താനും കഴിച്ചുവെന്നും പിന്നീട് വീടിന്റെ വാതില്‍ പൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞുവെന്നും അജിത്ത് പോലീസിന് മൊഴി നല്‍കി. ഇവര്‍ക്ക് രണ്ട് വയസായ മകനുണ്ട്.

Exit mobile version