മംഗളൂരു: ഓടുന്ന തീവണ്ടിയിലേയ്ക്ക് ചാടിക്കയറുക, പ്ലാറ്റ്‌ഫോമില്‍ വണ്ടി നിര്‍ത്തും മുന്‍പ് ചാടിയിറങ്ങുക, സ്റ്റെപ്പിലിരുന്ന് യാത്രചെയ്യുക. ഇതെല്ലാം ട്രെയിന്‍ യാത്രയ്ക്കിടെ യാത്രികര്‍ നടത്തുന്ന അതിസാഹസികതകളാണ്. ഇത്തരം സാഹസികതയിലൂടെ നിരവധി ജീവനുകളും പൊലിയാറുണ്ട്. ഇപ്പോള്‍ ഈ അഭ്യാസ പ്രകടനങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ഇനി ഈ അഭ്യാസ പ്രകടനങ്ങള്‍ കാണിച്ചാല്‍ ജയിലില്‍ കിടക്കേണ്ടി വരും. കൂടാതെ പിഴയുമടയ്‌ക്കേണ്ടിവരും. മൂന്നുമാസംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജീവന്‍ പണയപ്പെടുത്തി ഇവര്‍ ചെയ്യുന്നത്. 1989ലെ റെയില്‍വേ നിയമം 156-ാം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. എന്നാല്‍, നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അധികൃതര്‍ 500 രൂപ പിഴയില്‍ ഒതുക്കുകയാണ് പതിവ്.
മൂന്നുമാസം തടവുലഭിക്കുമെന്നുറപ്പായാല്‍ ആരും ഈ സാഹസത്തിന് മുതിരില്ലെന്നാണ് അധികൃതരുടെ നിഗമനം. കൂടാതെ ഈ തീരുമാനത്തെ യാത്രക്കാരും പിന്തുണയ്ക്കുന്നുണ്ട്. റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. എന്നാല്‍, ഇതൊന്നും ആരുംവിലയ്‌ക്കെടുക്കാറില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.
Discussion about this post