ബംഗളൂരു: രാജ്യത്തെ പ്രശസ്ത ഐടി കമ്പനിയായ ഇൻഫോസിസിന്റെ സിഇഒയ്ക്ക് എതിരെ വംശീയാധിക്ഷേപ പരാതി. ഇൻഫോസിസ് ഡയറക്ടർമാരെ കമ്പനി സിഇഒ സലിൽ പരേഖ് അവഹേളിച്ചുവെന്ന പരാതിയുമായാണ് ഒരു കൂട്ടം ജീവനക്കാർ രംഗത്തെത്തിയിരിക്കുന്നത്. വരുമാനവും ലാഭവും ഉയർത്താൻ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കാണിച്ച് ഇൻഫോസിസ് മേധാവികൾക്കെതിരെ പേര് വെളിപ്പെടുത്താത്ത ചില ജീവനക്കാർ നൽകിയ പരാതിയിലാണ് വംശീയമായ അധിക്ഷേപ പരാതിയും ഉൾപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന് സെപ്റ്റംബർ 20 ന് കൈമാറിയ കത്തിൽ സലിൽ പരേഖിനെതിരെയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിരഞ്ജൻ റോയിക്കെതിരെയും അധാർമികമായ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കത്തിൽ എത്തിക്കൽ എംപ്ലോയീസ് എന്നാണ് ജീവനക്കാർ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
സ്വതന്ത്ര ഡയറക്ടർമാരായ സി സുന്ദരം, ഡിഎൻ പ്രഹ്ളാദ് എന്നിവരെ ‘മദ്രാസികൾ’ എന്ന് വിളിച്ച് പരിഹസിച്ചുവെന്നാണ് പരാതിയിലെ പ്രധാന പരാമർശം. ദക്ഷിണേന്ത്യയിൽ നിന്നുള്ളവരെ പരിഹസിക്കാനായി ഉത്തരേന്ത്യക്കാർ ഉപയോഗിക്കുന്ന പദമാണിത്.
ഇതോടൊപ്പം സലിൽ പരേഖ് ബയോകോൺ കമ്പനി ചെയർപേഴ്സൺ കിരൺ മജുംദാർ ഷായെ ‘ദിവ’ എന്ന് പരിഹാസരൂപേണ വിളിച്ചതായും ആരോപണമുണ്ട്. ദിവ എന്നാൽ സൗന്ദര്യറാണി എന്നാണ് അർത്ഥം. ഇൻഫോസിസിന്റെ പത്തംഗ സ്വതന്ത്ര ഡയറക്ടർ ബോർഡംഗം കൂടിയാണ് കിരൺ.
അതേസമയം, ജീവനക്കാരുടെ ആരോപണങ്ങൾ ഓഡിറ്റ് കമ്പനിയ്ക്ക് മുമ്പാകെ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയങ്ങൾക്കനുസരിച്ച് നടപടിയെടുക്കുമെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post