സാമ്പത്തിക നോബേൽ നേട്ടത്തിൽ ഇന്ത്യയ്ക്ക് അഭിമാനം; അഭിജിത് ബാനർജിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോഡി

ന്യൂഡൽഹി: നോബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ പ്രതികരണം. ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാണ് ചൊവ്വാഴ്ച ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

നോബേൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാണ്. വിവിധ വിഷയങ്ങളിൽ ഞങ്ങൾ തമ്മിൽ സമഗ്രമായ സംഭാഷണംനടത്തി. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാവിധ ഭാവി ഉദ്യമങ്ങൾക്കും ആശംസകൾ നേരുന്നുവെന്നും അഭിജിത് ബാനർജിക്കൊപ്പമുള്ള കൂടിക്കാഴ്ചയുടെ ചിത്രവും പങ്കുവെച്ച് കൊണ്ട് മോഡി ട്വീറ്റ് ചെയ്തു.

സാമ്പത്തിക നോബേൽ സമ്മാനത്തിന് അർഹനായശേഷം ആദ്യമായാണ് അഭിജിത് ബാനർജി ഇന്ത്യയിലെത്തുന്നത്. ചൊവ്വാഴ്ച അദ്ദേഹം മാതാവിനെ സന്ദർശിക്കാനായി കൊൽക്കത്തയിലേക്ക് പോകും. തുടർന്ന് രണ്ടുദിവസം കൊൽക്കത്തയിൽ തന്നെയുണ്ടാകുമെന്നാണ് വിവരം.

Exit mobile version