ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ മലയാളിയായ അമ്മയും മകനും മരിച്ച സംഭവത്തില്‍ നിണായക തെളിവ് പുറത്ത്. ഭര്‍ത്താവ് വില്‍സന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഡല്‍ഹിയില്‍ മരിച്ച ലിസി ഇടുക്കി പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നതായി വ്യക്തമായി. ആദ്യ ഭാര്യയുടെ സഹോദരനും ബന്ധുക്കളും ഭര്‍ത്താവിന്റെ മരണം തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. വില്‍സന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മക്കളും പരാതി നല്‍കിയിരുന്നു.
മെയ് 30നാണ് ലിസി പരാതി നല്‍കിയത്. പരാതിയില്‍ ഭര്‍ത്താവിന്റെ ആദ്യഭാര്യയുടെ മക്കള്‍ക്കും സഹോദരനുമെതിരെയുള്ള ആരോപണങ്ങള്‍ ഇങ്ങനെ. ഇളയമകനും മരുമകളും ഭര്‍ത്താവുമായി സ്വത്തിന്റെ പേരില്‍ നിരന്തരം വഴക്കിടുമായിരുന്നു. മരിച്ച ദിവസം ഭര്‍ത്താവിനെ വീട്ടില്‍ ഒറ്റക്കാക്കി ഭരണങ്ങാനത്തേക്ക് തന്നെ നിര്‍ബന്ധിച്ച് പ്രാര്‍ഥനക്ക് കൊണ്ടുപോയി. ഭര്‍ത്താവ് മരിച്ച വിവരം മറച്ചുവെച്ചു. സുഖമില്ലെന്ന് പ്രാര്‍ത്ഥന സ്ഥലത്ത് നിന്ന് മടങ്ങവെ തന്നെ ഭാര്യസഹോദരന്റെ വീട്ടില്‍ നിര്‍ബന്ധിച്ച് ഇറക്കിവിട്ടു. സുഖമില്ലാത്തയാളെ കാണാന്‍ രാത്രി നേരെ കൊണ്ടുപോയത് ആശുപത്രി മോര്‍ച്ചറിയിലേക്ക്. ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ആളുകളുകളുടെ അടക്കംപറച്ചിലില്‍ നിന്നാണ് മനസിലായത്. മരണശേഷം ഭര്‍തൃവീട്ടില്‍ നിന്ന് തന്നെ പുറത്താക്കി.
വീട്ടിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് അടക്കമുള്ള നിര്‍ണായക രേഖകള്‍ പിടിച്ചുവെച്ചു. സ്വത്ത് വകകളുടെ വിശദാംശങ്ങളുണ്ടായിരുന്ന ഭര്‍ത്താവിന്റെ ലാപ്‌ടോപും മൊബൈലും കാണാതായി. ബാങ്ക് രേഖകളടക്കം എല്ലാം ഭര്‍ത്താവിന്റെ ഡ്രോയറില്‍ നിന്ന് നഷ്ടപ്പെട്ടു. ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ ഉപേക്ഷിക്കുന്നുവെന്ന് കാണിച്ചുള്ള പവര്‍ ഓഫ് അറ്റോര്‍ണിയില്‍ ഒപ്പ് വെക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. സംശയം തീര്‍ക്കാന്‍ തൊടുപുഴ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമം നിര്‍ബന്ധിച്ച് തടഞ്ഞുവെന്നും ജില്ലാപൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ലിസി ആരോപിച്ചിരുന്നു.
കുറച്ച് ദിവസം മുമ്പാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയും മകന്‍ അലന്‍ സ്റ്റാന്‍ലിയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പീതംപുരയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു മകന്‍ അലന്‍ സ്റ്റാന്‍ലിയുടെ മൃതദേഹം.
അതേസമയം മരിച്ച ലിസിയുടെ മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ചില മാധ്യമങ്ങള്‍ ലിസിയെയും മകന്‍ അലനെയും പ്രതി ചേര്‍ത്ത് നല്‍കിയ വാര്‍ത്തയാണ് ആത്മഹത്യക്ക് കാരണമായതെന്ന് ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് ഈ പരാതി പുറത്തായിരിക്കുന്നത്.
Discussion about this post