ഹൈദരാബാദ്: ഐഐടി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാക്കള്‍ പിടിയില്‍. മുപ്പതുകോടി രൂപയുടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് കേസിലാണ് ഒമ്പതുപേരെ ഹൈദരബാദ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ശരീരഭാരം വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധമായ ഉത്പന്നങ്ങളാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിലൂടെ ഇവര്‍ വിറ്റഴിച്ചിരുന്നത്. മണിചെയിന്‍ മാതൃകയിലായിരുന്നു കച്ചവടം. നിലവില്‍ കച്ചവടത്തില്‍ പങ്കാളിയായവര്‍ക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ കമ്മിഷനും നല്‍കിയിരുന്നു. ഇതിനിടെയാണ് കമ്പനിക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
കമ്പനി സി.ഇ.ഒ, രണ്ട് ഡയറക്ടര്‍മാര്‍ എന്നിവരടക്കമുള്ള ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഏകദേശം നാല്‍പ്പത് കോടിയോളം രൂപ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.