ന്യൂഡൽഹി: വീണ്ടും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ച് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. രണ്ട് സംസ്ഥാനങ്ങളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലുള്ള വിജയമാണ് ബിജെപി സഖ്യത്തിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും ഈ എക്‌സിറ്റ്‌പോൾ ഫലങ്ങൾ ബിജെപിക്ക് ആത്മവിശ്വാസം നൽകുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രധാനപ്പെട്ട ആദ്യത്തെ തെരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപിയും പ്രതീക്ഷിക്കുന്നില്ല.
ലോക്‌സഭാ ഫലം ഏറെ കൃത്യമായി പ്രവചിച്ച ഇന്ത്യാടുഡെ-മൈ ഇന്ത്യ-ആക്‌സിസ് മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റിൽ ബിജെപി-ശിവസേന സഖ്യത്തിന് 166മുതൽ 194 വരെയാണ് പ്രവചിക്കുന്നത്. കഴിഞ്ഞതവണ ഒറ്റയ്ക്ക് മത്സരിച്ച ഇരുപാർട്ടികളും തെരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യമുണ്ടാക്കിയത്. എന്നാൽ ഇത്തവണ സഖ്യമുണ്ടാക്കിയതിനു ശേഷമാണ് ബിജെപിയും ശിവസേനയും തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരണത്തിൽ ശിവസേനയുടെ സമ്മർദ്ദം ഇത്തവണയും നേരിടേണ്ടി വരുമെന്നുമുള്ള സൂചനയാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ നൽകുന്നത്.
കോൺഗ്രസ്-എൻസിപി സഖ്യം 72 മുതൽ 90 വരെ നേടുമെന്നും ഈ സർവ്വേ ഫലം പറയുന്നു. എന്നാൽ മറ്റു സർവേകൾ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന സൂചനയാണ് നൽകുന്നത്.
എബിപി ന്യൂസ്-സി വോട്ടർ മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് 204ഉം കോൺഗ്രസ് എൻസിപിക്ക് 69 സീറ്റുകളും നൽകുന്നു. ബിജെപി-ശിവസേനയ്ക്ക് 230 എന്നാണ് ടൈംസ് നൗ പ്രവചനം. കോൺഗ്രസ് എൻസിപിക്ക് ടൈംസ് നൗ നൽകുന്നത് 48 സീറ്റുകൾ മാത്രം. ന്യൂസ് 18-ഇപ്‌സോസ് 243 സീറ്റുകളും റിപ്പബ്‌ളിക് ടിവി-ജൻകി ബാത്ത് 216 മുതൽ 230വരെയും ബിജെപി ശിവസേന സഖ്യത്തിന് നൽകുന്നു. ശരാശരി എടുത്താൽ 200ലധികം സീറ്റുകൾ നേടി ദേവേന്ദ്ര ഫട്‌നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും എന്നാണ് പ്രവചനം.
ഹരിയാനയിൽ മനോഹർലാൽ ഖട്ടറിനും രണ്ടാമൂഴമാണ് എല്ലാ സർവേകളും സൂചിപ്പിക്കുന്നത്. എബിപി ന്യൂസ് 72 സീറ്റ് ബിജെപിക്കും എട്ട് സീറ്റുകൾ കോൺഗ്രസിനും പ്രവചിക്കുന്നു. ന്യൂസ് 18 ഇഫ്‌പോസ് 90ൽ 75 സീറ്റ് ബിജെപിക്ക് നൽകുന്നു. കോൺഗ്രസ് പത്ത് സീറ്റിൽ ഒതുങ്ങുമെന്നാണ് പ്രവചനം. ടൈംസ് നൗ 71 സീറ്റ് ബിജെപിക്കും 11 സീറ്റ് കോൺഗ്രസിനും പറയുന്നു. റിപ്പബ്ലിക് ജൻകിബാത്ത് 55 മുതൽ 63 സീറ്റ് മാത്രമേ ബിജെപിക്ക് നൽകുന്നുള്ളു.