കാമുകന്റെ കൂടെ ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. ദയറാം എന്ന 39 കാരനെ ഭാര്യ അനിതയും കാമുകന്‍ അര്‍ജുനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. ദയറാം എന്ന 39 കാരനെ ഭാര്യ അനിതയും കാമുകന്‍ അര്‍ജുനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ….

നാല് വര്‍ഷം മുമ്പാണ് ദയറാമും ഭാര്യ അനിതയും ഡല്‍ഹിയില്‍ രാജേന്ദര്‍ നഗറിലേക്ക് താമസം മാറുന്നത്. എല്ലാ ദിവസവും ജോലിക്കായി ദയറാം രാവിലെ തന്നെ വീടുവിട്ടിറങ്ങും. ഇതോടെ അയല്‍വാസിയായ സ്ത്രീയുമായായിരുന്നു അനിതയുടെ സംസാരം. അവരുടെ കുട്ടിയെയും നോക്കി സംസാരിച്ചാണ് സമയം ചിലവിട്ടിരുന്നത്.

പിന്നീട് 2015ലാണ് അയല്‍വാസിയായ അര്‍ജുനെ(34) പരിചയപ്പെടുന്നത്. ഇരുവരും വേഗം അടുപ്പത്തിലാവുകയും ചെയ്തു. ദയറാം ജോലിക്ക് പോയാല്‍ അനിത ഇയാളുടെ കൂടെ സമയം ചെലവഴിക്കാന്‍ തുടങ്ങി. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബംഗാളി സ്വദേശിയായ അര്‍ജുന് അവിടെ മക്കളും ഭാര്യയും എല്ലാം ഉണ്ടായിരുന്നെങ്കിലും ഇത് ഇവരുടെ ബന്ധത്തിന് തടസമായില്ല. എന്നാല്‍ ഇതിനിടെ അനിതയുടെ പെരുമാറ്റത്തില്‍ ഭര്‍ത്താവ് ദയയ്ക്ക് സംശയം തോന്നിയിരുന്നു. ഒരിക്കല്‍ ഉച്ച ഭക്ഷണത്തിന് എത്തിയ ദയറാം കിടപ്പുമുറിയില്‍ അര്‍ജുനെ കണ്ടതോടെ സംഭവം വഷളായി.

എന്നാല്‍ സംഭവത്തിന് ശേഷം അര്‍ജുനെ താക്കീത് ചെയ്ത് വിടുകയാണ് ദയറാം ചെയ്തത്. ഇതോടെ ദയയെ കൊലപ്പെടുത്താന്‍ അര്‍ജുനും അനിതയും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 16ന് അര്‍ജുന്‍ ദയയെ ഒരു പാര്‍ട്ടിക്ക് ക്ഷണിച്ചു. തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളില്‍ കൊണ്ട് പോവുകയും മദ്യം നല്‍കുകയും ചെയ്തു.

മദ്യ ലഹരിയിലായ ദയയെ അര്‍ജുന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 45 അടി ഉയരത്തില്‍ നിന്നും വീണ ദയ തലയടിച്ച് മരിക്കുകയായിരുന്നു. ദയയുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത ശേഷം ബാറ്ററി കളയുകയും അര്‍ജുന്‍ അനിതയുടെ കൈയ്യില്‍ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അന്വേഷിക്കുകയാണെങ്കില്‍ ദയ ഫോണ്‍ കൊണ്ടുപോയിരുന്നില്ലെന്ന് പറയണമെന്നും പറഞ്ഞു. ഒക്ടോബര്‍ 17ന് മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിക്കുന്നത്. പിന്നീട് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

Exit mobile version