ഹൈദരാബാദിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

നവജാതശിശുക്കളുടെ എന്‍ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്

ഹൈദരാബാദ്: ഹൈദരാബാദില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഷൈന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് തീ പിടുത്തം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്. നവജാതശിശുക്കളുടെ എന്‍ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. അപകട സമയത്ത് 42 ഓളം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ അഞ്ച് കുട്ടികളും എന്‍ഐസിയുവില്‍ ഉണ്ടായിരുന്നവരാണ്.

പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം പരിക്കേറ്റ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ തീ പിടുത്തം ഉണ്ടായതിനെ കുറിച്ച് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Exit mobile version