ചണ്ഡിഗഢ്: സംസ്ഥാനത്ത് ബലാത്സംഗ പരാതികള്‍ ഏറി വരുന്ന സാഹചര്യത്തില്‍ ഹരിയാന മുഖ്യമന്ത്രി നല്കിയ വിശദീകരണം വന്‍ വിവാദത്തില്‍. സ്ത്രീകള്‍ പീഡന പരാതി ഉന്നയിക്കുന്നത് പഴയകാമുകനെ തിരിച്ചു കിട്ടാന്‍ എന്നായിരുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പരാമര്‍ശം. വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രസ്താവനയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ഹരിയാനയില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഖട്ടറുടെ പരാമര്‍ശം. ബലാത്സംഗങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത്തരം കേസുകളിലുണ്ടായിരിക്കുന്ന വര്‍ധന ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. 80 മുതല്‍ 90 ശതമാനം വരെ പീഡനങ്ങളും നടക്കുന്നത് പരസ്പരം അറിയാവുന്നവര്‍ക്കിടയിലാണ്. ഏറെനാള്‍ ഒരുമിച്ച് ചുറ്റിത്തിരിയുന്ന ഇവര്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു, ഖട്ടര്‍ പറയുന്നു.
പ്രസ്താവനയിലൂടെ ഖട്ടറിന്റേയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരിന്റേയും സ്ത്രീവിരുദ്ധത വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ബലാത്സംഗങ്ങള്‍ നടക്കുന്നതിന്റെ ഉത്തരവാദി സ്ത്രീകളാണെന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഖട്ടര്‍ മുന്‍പും രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും പാശ്ചാത്യ രീതികള്‍ ഉപേക്ഷിച്ച് ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനങ്ങള്‍ കുറയ്ക്കാമെന്നും 2014ല്‍ അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post