ന്യൂഡൽഹി: ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും വിമർശനങ്ങൾക്ക് മറുപടിയുമായി സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്‌കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി. കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തതെന്ന് അഭിജിത് ബാനർജി വിമർശനത്തോട് പ്രതികരിച്ചു. ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനർജിയുടെ ന്യായ് പദ്ധതി ഇന്ത്യക്കാർ തള്ളിയതാണെന്നായിരുന്നു പിയൂഷ് ഗോയലിന്റെ വിമർശനം.
കോൺഗ്രസിന് പകരം ബിജെപി തന്നോട് ഉപദേശം തേടിയിരുന്നെങ്കിൽ അവരോടും സത്യസന്ധമായി കാര്യങ്ങൾ പറയുമായിരുന്നു. അത് തന്റെ പ്രൊഫഷനാണ്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളിൽ മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
സാമ്പത്തിക ചിന്തയിൽ പക്ഷപാതം കാണിക്കാറില്ല. പല സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കും ഇത്തരത്തിൽ പദ്ധതികളും ഉപദേശങ്ങളും ഞങ്ങൾ നൽകാറുണ്ട്. പലയിടത്തും ബിജെപി സർക്കാരാണ്. നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിലെ മലനീകരണ ബോർഡുമായി തങ്ങൾ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. മികച്ച അനുഭവമായിരുന്നു അത്. അന്നത്തെ നിർദേശങ്ങളിൽ പലതും അവർ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്നത് ഗൗരവമായി തന്നെ കാണേണ്ടതാണ്. ഉപഭോഗം കുറയുകയാണെന്ന് ദേശീയ സാംപിൾ സർവേയുടെ കണക്കുകൾ നോക്കിയാൽ മനസ്സിലാകുമെന്നും അഭിജിത് ബാനർജി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടന പത്രികയിലെ മുഖ്യ ആകർഷണമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനർജി.
Discussion about this post