ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട പരസ്യപ്രചാരണങ്ങള്‍ക്ക് ശേഷം ഹരിയാനയും മഹാരാഷ്ട്രയും നാളെ പോളിങ് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇരുസംസ്ഥാനങ്ങളിലും ഇന്ന് നിശബ്ദ പ്രചരണം നടക്കും. സകല അടവുകളും പയറ്റി പരസ്യ പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.
288 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികളാണ് മഹാരാഷ്ട്രയില്‍ ജനവിധി തേടുന്നത്. 90 സീറ്റുകളിലേക്കുള്ള ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ 1108 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ഈ മാസം 24ന് ആണ് രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടക്കുക.
പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊന്നും തന്നെ ബിജെപിക്കൊപ്പം എത്താനായില്ല. മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യമാണ് ബിജെപിക്ക് ഇരട്ടി കരുത്ത് പകരുന്നത്.
Discussion about this post