ന്യൂഡല്‍ഹി: വൈകി എത്തുന്ന ട്രെയിന്‍ എന്നും യാത്രക്കാര്‍ക്ക് തലവേദനയാണ്. ട്രെയിന്‍ വൈകി എത്തിയാല്‍ ഇതുവരെ യാത്രക്കാര്‍ക്ക് റെയില്‍വേ യാതൊരു നഷ്ട പരിഹാരവും നല്‍കിയിരുന്നില്ല. എന്നാല്‍ അതിനൊരു മാറ്റം വരാന്‍ പോവുകയാണ്. ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് റെയില്‍വേ.
കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഡല്‍ഹി -ലഖ്‌നൗ റൂട്ടില്‍ പുതുതായി സര്‍വീസ് ആരംഭിച്ച രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ ‘തേജസ്’ വൈകി എത്തിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ഈ വാക്കാണ് റെയില്‍വേ ഇപ്പോള്‍ പാലിക്കാന്‍ പോവുന്നത്. കഴിഞ്ഞ ദിവസം തേജസ് ട്രെയിന്‍ വൈകിയോടിയത് കാരണം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി തുടങ്ങിയിരിക്കുകയാണ് റെയില്‍വേ.
രാവിലെ 6.10 നു ലഖ്‌നൗവില്‍ നിന്നു യാത്ര തുടങ്ങേണ്ട വൈകി 8.55നാണ് യാത്ര ആരംഭിച്ചത്. അറ്റകുറ്റപ്പണി നീണ്ടുപോയത് കാരണമാണ് ട്രെയിന്‍ ഇത്രയും വൈകിയത്. 12.25 ഡല്‍ഹിയില്‍ എത്തിച്ചേരേണ്ട തേജസ് എക്‌സ്പ്രസ് അവിടെ എത്തിയപ്പോള്‍ മൂന്നേകാല്‍ മണിക്കൂര്‍ വൈകി. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് വൈകിയതോടെ തിരിച്ചുള്ള യാത്രയും വൈകി.
ലഖ്‌നൗ – ഡല്‍ഹി ട്രെയിനില്‍ 451 ഉം, ഡല്‍ഹി -ലഖ്‌നൗ സര്‍വീസില്‍ 500 ഉം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 250 രൂപവെച്ചാണ് ഓരോ യാത്രക്കാരനും നഷ്ടപരിഹാരം നല്‍കുക. നഷ്ട പരിഹാരത്തിന് പുറമെ ട്രെയിന്‍ വൈകിയത് കൊണ്ട് യാത്രക്കാര്‍ക്ക് ചായയും ഉച്ചഭക്ഷണവും സൗജന്യമായി നല്‍കിയിട്ടുണ്ട്. ഭക്ഷണ പാക്കറ്റുകളില്‍ ട്രെയിന്‍ വൈകിയതിലുളള ക്ഷമാപണവും പ്രിന്റ് ചെയ്താണ് റെയില്‍വേ വിതരണം ചെയ്തത്.
Discussion about this post