ന്യൂഡല്‍ഹി: സൈനിക് സ്കൂളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശിക്കാം. ഈ നിര്‍ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്കി. 2021-22 അധ്യയന വര്‍ഷം മുതല്‍ വിവിധ ഘട്ടങ്ങളായി ഈ തീരുമാനം നടപ്പിലാക്കും. രണ്ട് വര്‍ഷം മുമ്പ് മിസോറാമിലെ ചിങ്ചിപ്പിലെ സൈനിക് സ്കൂളില്‍ പരീക്ഷണാടിസ്ഥാടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു.
ഇത് വിജയകരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. പദ്ധതി സുഗമമായി നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സൈനിക് സ്കൂളുകളില്‍ മതിയായ വനിതാ ജീവനക്കാരെയും ലഭ്യമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി.
ലിംഗസമത്വം, സായുധ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, കേന്ദ്രസര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. രാജ്യത്താകമാനം 33 സൈനിക് സ്കൂളുകളാണുള്ളത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വനിതാ കേഡറ്റുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് സൈനിക് സ്കൂളുകളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നത്.
Discussion about this post