കാന്റീനില്‍ നിന്ന് അനുമതിയില്ലാതെ ഭക്ഷണം കഴിച്ചു; വിദ്യാര്‍ഥിയ്ക്ക് ഇരുപതിനായിരം രൂപ പിഴയിട്ട് ലഖ്നൗ സര്‍വകലാശാല, പ്രതിഷേധം

ലഖ്നൗ: സര്‍വകലാശാല കാന്റീനില്‍ നിന്ന് അനുമതിയില്ലാതെ ഭക്ഷണം കഴിച്ച വിദ്യാര്‍ഥിയ്ക്ക് 20,000 രൂപ പിഴ ചുമത്തി ലഖ്നൗ സര്‍വകലാശാല. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥി ആയുഷ് സിങ്ങിനെതിരെയാണ് സര്‍വകലാശാല നടപടി. ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി.

എന്നാല്‍, വീട്ടില്‍ നിന്നും ദിവസവും വന്നുപോകുന്ന ആയുഷ് സിങ് സെപ്റ്റംബര്‍ മൂന്നിന് അവിടെനിന്ന് ഭക്ഷണം കഴിച്ചതാണ് പ്രശ്നമായത്. ആരോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാന്റീനിന്റെ ചുമതലയുള്ള പ്രൊഫ. വിനോദ് കുമാര്‍ സിങ് സ്ഥലത്തെത്തി ആയുഷിനെ പിടികൂടുകയായിരുന്നു.

ആയുഷ് സിങ് അധ്യാപകനോട് മാപ്പു പറയുകയും വിശപ്പ് മൂലമാണ് ഭക്ഷണം കഴിച്ചതെന്ന് അറിയിക്കുകയും ചെയ്തു. ഇനി നിയമം ലംഘിക്കില്ലെന്നും വിദ്യാര്‍ഥി പറഞ്ഞുവെങ്കിലും അധ്യാപകന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ആയുഷ് സിങ് കാന്റീനില്‍ പതിവായി അനധികൃതമായെത്തി ഭക്ഷണം കഴിക്കാറുണ്ടെന്നാണ് അധ്യാപകന്‍ പറയുന്നത്.

ഒരാഴ്ചയ്ക്കകം 20,000 രൂപ പിഴ അടയ്ക്കാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നൂറ് രൂപയുടെ സ്റ്റാംപ് പേപ്പറില്‍ വിശദീകരണം നല്‍കണമെന്നും വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു.

അതേസമയം, സര്‍വകലാശാല നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

Exit mobile version