ജയ്പൂര്‍: വിവാഹ ദിനത്തില്‍ തങ്ങള്‍ വിശ്വസിക്കുന്ന മതത്തില്‍ അനേകം ചടങ്ങുകളാണ് പൊതുവെ ഉണ്ടാകാറുള്ളത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം തുടങ്ങിയ മതങ്ങളില്‍ രീതി പലതാണെങ്കിലും വിവാഹത്തിന് പ്രത്യേകം ചടങ്ങുകള്‍ ഉണ്ടാവുന്നത് സ്വാഭാവികം. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു വിവാഹമാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം.
രാജസ്ഥാനിലെ ദളിതരുടെ വിവാഹമാണ് ഏറെ വ്യത്യസ്തമായത്. ഇവിടെ വിവാഹത്തിന് സാക്ഷിയായത് അഗ്നിയല്ല, മറിച്ച് രാജ്യത്തെ ഭരണഘടനയാണ്. നിയമത്തെ സാക്ഷിയാക്കിയാണ് ഈ വിവാഹം നടന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ കൈവച്ച് ശപഥം ചെയ്തായിരുന്നു ഈ വിവഹം നടന്നത്. ഹൈദരാബാദിലെ സ്വകാര്യക്കമ്പനിയില്‍ ജോലി ചെയ്യുന്ന അജയ് ജാതവും ആല്‍വാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കരോളി ഗ്രാമത്തിലെ ബബിതയും തമ്മിലുള്ള വിവാഹമാണ് വ്യത്യസ്തത കൊണ്ട് ലോകമറിഞ്ഞത്.
ഭരണഘടന മാത്രമല്ല, ഈ വിവാഹത്തിന് പ്രത്യേകതകള്‍ ഇനിയുമുണ്ട്. വിവാഹത്തിനെത്തിയവരില്‍ നിന്ന് ഒരു സമ്മാനം പോലും സ്വീകരിച്ചില്ല. പകരം ഗ്രാമത്തില്‍ ഒരു പൊതു ലൈബ്രറി തുടങ്ങാന്‍ പുസ്തകങ്ങള്‍ സമ്മാനിക്കുകയായിരുന്നു. 30000 രൂപയുടെ പുസ്തകങ്ങളാണ് ദമ്പതികള്‍ കരോളിലെ ലൈബ്രറിക്ക് സമ്മാനിച്ചത്. കൂടാതെ വിവാഹം പ്ലാസ്റ്റിക് മുക്തം കൂടിയായിരുന്നു. ഒപ്പം വിവാഹത്തിന് എത്തിയവരെല്ലാം മടങ്ങിയത് ഇന്ത്യന്‍ ഭരണഘടനയുമായാണ്.
അജയ്ക്കും എനിക്കും ലിംഗ സമത്വം ഉറപ്പുവരുത്താന്‍ യാഥാസ്ഥിതികമായ ആചാരങ്ങളെ മാറ്റിയെഴുതണമായിരുന്നു. സമൂഹത്തിന് ഞങ്ങളുടെ വിവാഹത്തിലൂടെ ഒരു സന്ദേശം നല്കാന് ആഗ്രഹിച്ചു. ഞങ്ങളുടെ കുടുംബം ഈ ആശയം സ്വകരിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ മറ്റുള്ളവരും ഇത് ഏറ്റെടുത്തു. ഞങ്ങള്‍ മറ്റുള്ള ദമ്പതികള്‍ക്ക് പ്രചോദനമാകുമെന്നാണ് കരുതുന്നത്.” – ആവേശം തെല്ലും കുറയാതെ വധു ബബിത പറഞ്ഞു. ” പ്രകൃതിക്ക് വേണ്ടി ചെറുതായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. വിവാഹത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ചതേ ഇല്ല. ഭക്ഷണം വിളമ്പിയത് സ്റ്റീല്‍ പാത്രത്തിലും കപ്പിലുമാണ്. വിവാഹക്ഷണക്കത്ത് തുണിയിലാണ് പ്രിന്റ് ചെയ്തത്. കഴുകിയാല്‍ പിന്നെ ഇത് തുവ്വാലയായി ഉപയോഗിക്കാം. ” – വരന് അജയും പറഞ്ഞു.
അംബേദ്കറിന്റെയും ബുദ്ധന്റെയും ചിത്രങ്ങള്‍ വച്ച കുതിര വണ്ടിയിലാണ് ബബിത എത്തിയത്. വിവാഹത്തിന് കുതിര വണ്ടി ഉപയോഗിക്കുന്നതിന് ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ കുതിരവണ്ടിയില്‍ നവവധു എത്തിയതില്‍ പ്രശംസകളും അനവധിയാണ് വന്നത്. വ്യത്യസ്തവും മാതൃകയാണ് ഈ വിവാഹമെന്നാണ് സോഷ്യല്‍മീഡിയയും ഒന്നടങ്കം പറയുന്നത്.