ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ ഒക്ടോബര്‍ 24 വരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കുഹാറാണ് കേസ് പരിഗണിച്ചത്.
ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യം പരിഗണിച്ചാണിത്. ചിദംബരത്തിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം എത്തിക്കാനും പാശ്ചാത്യ ടോയ്ലറ്റ് ഉപയോഗിക്കാനും മരുന്നുകള്‍ നല്‍കാനും കോടതി അനുമതി നല്കി. ഇതോടെ ഒരു മാസത്തിലേറെയായി തീഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരം ജയിലില്‍ നിന്ന് ഇറങ്ങി.
ഐഎന്‍എക്സ് മീഡിയ അഴിമതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ ജയിലിലെത്തി ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും 15ന് ഡല്‍ഹി സിബിഐ കോടതി എന്‍ഫോഴ്സ്മെന്റിന് അനുമതി നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ ചിദംബരം ജയിലിലാണ്. ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ള ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ വഴിവിട്ട സഹായം ചെയ്തുവെന്നാണ് കേസ്.
Discussion about this post