ന്യൂഡൽഹി: ന്യൂഡൽഹിയിൽ നിന്നും കാബൂളിലേക്ക് പോയ സ്‌പൈസ് ജെറ്റിന്റെ ഡൽഹി-കാബൂൾ വിമാനം പാകിസ്താന്റെ വ്യോമസേന തടഞ്ഞെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 23ന് 120 യാത്രക്കാരുമായി പോയ വിമാനമാണ് പാക് വ്യോമപാതയിൽ പ്രവേശിച്ചയുടൻ തടഞ്ഞതെന്നാണ് ഇന്ത്യയുടെ വെളിപ്പെടുത്തൽ.
പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടൻ പാക് യുദ്ധവിമാനങ്ങൾ സ്‌പൈസ് ജെറ്റ് വിമാനം തടയുകയും താഴ്ന്ന് പറക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് വിവരം. തുടർന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പൈലറ്റുമാർ പാക് പൈലറ്റുമാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ചരക്കുമായി പോയ വിമാനമാണെന്ന ധാരണയിലായിരുന്നു പാക് വ്യോമസേന സ്‌പൈസ് ജെറ്റ് വിമാനം തടഞ്ഞത്.
ശേഷം, സ്‌പൈസ് ജെറ്റ് അഫ്ഗാനിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് വരെ സ്‌പൈസ് ജെറ്റ് വിമാനത്തിനൊപ്പം പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നുവെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, വാർത്തയോട് പ്രതികരിക്കാൻ സ്‌പൈസ് ജെറ്റ് തയാറായിട്ടില്ല.
Discussion about this post