മുംബൈ: ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. സാമ്പത്തിക രംഗത്ത് സര്‍ക്കാരിന്റെ ഉദാസീനത ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങളെയും ഭാവിയെയും തകര്‍ക്കുകയാണെന്ന് ഡോ. മന്മോഹന് സിങ് പറഞ്ഞു. ജനസൗഹൃദപരമായ നയങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് മന്മോഹന് സിംങ് കുറ്റപ്പെടുത്തി.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ആത്മഹത്യകളില്‍ മുന്നിലാണ് മഹാരാഷ്ട്ര. കഴിഞ്ഞ അഞ്ചു വര്‍ഷത്തനിടെ നിരവധി ഫാക്ടറികളാണ് ഇവിടെ പൂട്ടിപ്പോയത്. എന്നിട്ടും നയങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
മന്മോഹന് സിങിന്റെ കാലത്താണ് രാജ്യത്തെ ബാങ്കുകള്‍ ഏറ്റവും മോശം അവസ്ഥയിലായതെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയല്ല, കുറ്റം എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ക്കു മേല്‍ ചുമത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും
അദ്ദേഹം പറഞ്ഞു.
തന്റെ ഭരണകാലത്തിനു ശേഷം അഞ്ചു വര്‍ഷം ബിജെപി ഭരണത്തിലിരുന്നു. ഇപ്പോഴും എല്ലാ കാര്യങ്ങള്‍ക്കും യുപിഎയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതില്‍ കാര്യമില്ല. ഒരു പ്രശ്നത്തിന് പരിഹാരം കാണണമെങ്കില്‍ അതിന്റെ കാരണം എന്താണെന്നു പരിശോധിക്കണം. എതിരാളികളാണ് കാരണം എന്നു കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത് പരിഹാര മാര്‍ഗമല്ല- മന്മോഹന് സിങ് പറഞ്ഞു.
Discussion about this post