ന്യൂഡൽഹി: സുപ്രധാനമായ അയോധ്യ കേസിലെ വിധി ഉടൻ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17ന് വിരമിക്കുന്നതിന് മുമ്പ് കേസിൽ വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേസിന്റെ വിധിയെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാർ ഇന്ന് യോഗം ചേർന്നു. രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്ന യോഗം.
അതേസമയം, അതീവ രഹസ്യമായി ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ പുറത്തുവിട്ടിട്ടില്ല. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചും നീതിപൂർവ്വമായതുമായ വിധിയെഴുത്ത് ഏറെ ശ്രമകരമാണ് എന്നതു തന്നെയാണ് യാഥാർത്ഥ്യം. ഇത്തരത്തിലുള്ള പ്രയാസമേറിയ ഒരു ദൗത്യമാണ് ജഡ്ജിമാർക്ക് മുമ്പിലുള്ളത്. യോഗത്തിൽ മധ്യസ്ഥ സമിതി നൽകിയ റിപ്പോർട്ടും ജഡ്ജിമാർ പരിശോധിച്ചതായാണ് സൂചന. അയോധ്യ കേസിലെ വിധി സമയബന്ധിതമായി പൂർത്തിയാക്കാനായി മുൻനിശ്ചയിച്ച ഔദ്യോഗിക വിദേശയാത്രയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് റദ്ദാക്കിയിരുന്നു.
ഇതിനിടെ, ഹിന്ദുസംഘടനകൾ ഹാജരാക്കിയ രേഖ കോടതിയിലെ വിചാരണയ്ക്കിടെ വലിച്ചുകീറിയ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ ഹിന്ദു മഹാസഭ പ്രതിനിധികൾ പരാതി നൽകി. രാജീവ് ധവാന്റെ മുതിർന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന ചീഫ് ജസ്റ്റിസിന് കത്തും നൽകിയിട്ടുണ്ട്.