ന്യൂഡൽഹി: അയോധ്യ കേസിലെ 40 ദിവസങ്ങൾ നീണ്ട വാദങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെ സുപ്രീംകോടതിയിൽ ഉടലെടുത്ത നാടകീയ രംഗങ്ങളിൽ വ്യക്തതയുമായി സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ. സുപ്രീംകോടതിയിൽ വെച്ച് ഹിന്ദു മഹാസഭ സമർപ്പിച്ച ഭൂപടം വലിച്ചുകീറിയെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായാണ് അഭിഭാഷകൻ രംഗത്തെത്തിയിരിക്കുന്നത്. രാമജന്മഭൂമിയുടെ സ്ഥാനം അടയാളപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് ഹിന്ദുമഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് സമർപ്പിച്ച രേഖകളും ഭൂപടങ്ങളുമാണ് രാജീവ് ധവാൻ കോടതിയിൽ വെച്ച് കീറിയെറിഞ്ഞത്.
താൻ രേഖ വലിച്ചുകീറിയ കാര്യം ഇപ്പോൾ വൈറലായിരിക്കുകയാണ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് കോടതി അനുമതിയോടെ തന്നെയാണ്. ഇത്തരം രേഖകൾ വലിച്ചുകീറി കളയണമെന്ന് താൻ പറഞ്ഞപ്പോൾ നിങ്ങൾക്ക് അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞെന്നാണ് രാജീവ് ധവാന്റെ വിശദീകരണം.
രാജീവിന്റെ വാക്കുകൾ ശരിവെച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും പിന്നാലെ രംഗത്തെത്തി. ‘ഞങ്ങൾ ധവാനുമായി യോജിക്കുന്നു. നിങ്ങൾ അത് കീറിക്കളയുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഞങ്ങൾ പറഞ്ഞിരുന്നു’- എന്നായിരുന്നു ഗൊഗോയുടെ വാക്കുകൾ.
അവസാനനിമിഷം വരെ നാടകീയത നിറഞ്ഞു നിന്ന വാദങ്ങളാണ് അയോധ്യ കേസിൽ സുപ്രീംകോടതിയിൽ നടന്നത്. മുതിർന്ന അഭിഭാഷകനായ വികാസ് സിങ് തനിക്ക് ചില രേഖകൾ കോടതിയ്ക്ക് മുമ്പാകെ സമർപ്പിക്കാനുണ്ട് എന്ന് പറഞ്ഞാണ് അയോധ്യ റീവിസിറ്റഡ് എന്ന കുനാൽ കിഷോറിന്റെ പുസ്തകം കോടതിക്ക് മുമ്പാകെ സമർപ്പിച്ചത്.
എന്നാൽ ഇത് അനുവദിക്കരുത് എന്ന് രാജീവ് ധവാൻ എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടു. ഇതിൽ രാമജന്മഭൂമി എവിടെയെന്ന് അടയാളപ്പെടുത്തിയ പൗരാണികമായ ഒരു ഭൂപടമുണ്ടെന്നായിരുന്നു വികാസ് സിങിന്റെ വാദം. അടുത്ത കാലത്ത് എഴുതപ്പെട്ട പുസ്തകത്തിൽ എന്ത് ഭൂപടം ഉണ്ടാകാനാണെന്നായിരുന്നു രാജീവ് ധവാന്റെ മറുചോദ്യം. ഇത്തരം ഭൂപടങ്ങളെയൊക്കെ എങ്ങനെ കണക്കിലെടുക്കാനാകുമെന്നും ഇതൊക്കെ എങ്ങനെ രേഖയായി കണക്കാക്കാനാകുമെന്നും രാജീവ് ധവാൻ കോടതിയോട് ചോദിച്ചു.
ഇതൊക്കെ വലിച്ച് കീറിക്കളയേണ്ടതാണെന്ന് എന്നും അദ്ദേഹം പറഞ്ഞതോടെ ‘എങ്കിൽ കീറൂ’ എന്ന് ചീഫ് ജസ്റ്റിസും പറയുകയായിരുന്നു. ഇതോടെ കോടതിയ്ക്ക് മുന്നിൽ വച്ച് രേഖകളും പുസ്തകങ്ങളും രാജീവ് ധവാൻ കീറിയെറിയുകയായിരുന്നു.
തൊട്ടുപുറകെ, നിങ്ങളിങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എഴുന്നേറ്റ് പോകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, കോടതിയുടെ സമയം പാഴാക്കരുതെന്നും, ഇന്ന് വൈകിട്ട് 5 മണിക്ക് ഉള്ളിൽത്തന്നെ വാദങ്ങൾ അവസാനിപ്പിക്കണമെന്നും അഭിഭാഷകർക്ക് കർശനനിർദേശം നൽകി.
Discussion about this post