ലക്‌നൗ: ഡിസംബര്‍ ആറിന് തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. തര്‍ക്കത്തിലായിരുന്ന ബാബരി പള്ളി പൊളിച്ചത് 1992 ഡിസംബര്‍ ആറിനാണെന്നും ആ കെട്ടിടം തകര്‍ത്ത ദിവസം തന്നെ അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയെന്നത് യുക്തിപരമാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെക്കുറിച്ചുള്ള കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ്, ബിജെപി നേതാവ് സാക്ഷി മഹാരാജിന്റെ പ്രഖ്യാപനം. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ മുന്നോട്ടുവരണമെന്നും ബാബര്‍ വിദേശീയ അക്രമിയാണ് അല്ലാതെ തങ്ങളുടെ പിതാമഹന്‍ അല്ലെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്ഡ് അംഗീകരിക്കണമെന്നും സാക്ഷി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ കഠിന പ്രയത്‌നങ്ങളിലൂടെയാണ് രാമക്ഷേത്രം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോകുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ സ്വപ്‌നമാണ് രാമക്ഷേത്ര നിര്‍മാണമെന്നും രാജ്യം മുഴുവന്‍ അത് ആഘോഷിക്കേണ്ടതാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും പറഞ്ഞു.
Discussion about this post