മുംബൈ: ദേശീയത അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ നിര്‍മ്മാണത്തില്‍ സവര്‍ക്കറുടെ മൂല്യങ്ങള്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാരാഷ്ട്രയിലെ അകോലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.
കോണ്‍ഗ്രസ് അംബേദ്കര്‍ക്ക് ഭാരതരത്‌ന നിഷേധിച്ചെന്നും ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറെ അപമാനിച്ചെന്നും മോഡി കൂട്ടിച്ചേര്‍ത്തു. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കാനായി ശുപാര്‍ശ ചെയ്യുമെന്ന ബിജെപിയുടെ മഹാരാഷ്ട്രയിലെ പ്രകടന പത്രികയിലെ വാഗ്ദാനം വിവാദമായിതിന് പിന്നാലെയാണ് മോഡിയുടെ പരാമര്‍ശം.
‘ബി ആര്‍ അംബേദ്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അവര്‍ തന്നെയാണ് വീര സവര്‍ക്കറെ അപമാനിച്ചതും. ഇപ്പോള്‍ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് എതിരെയാണവര്‍’- മോഡി പറഞ്ഞു.
സവര്‍ക്കര്‍ക്കും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ മഹാത്മ ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവര്‍ക്കും ഭാരതരത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്നായിരുന്നു ബിജെപിയുടെ മഹാരാഷ്ട്രയിലെ പ്രകടന പത്രികയിലെ പ്രഖ്യാപനം.
Discussion about this post