ന്യൂഡൽഹി: അയോധ്യാ കേസിലെ നീണ്ട വാദപ്രതിവാദങ്ങൾ ഇന്ന് അവസാനിക്കും. ഇന്നു വൈകീട്ട് അഞ്ചുമണിയോടെയാണ് വാദം അവസാനിക്കുക. ഇതിനിടെ സുപ്രീംകോടതി നാടകീയ നീക്കങ്ങൾക്കും വേദിയായി. ഹിന്ദു മഹാസഭ നൽകിയ രേഖകൾ മുസ്ലിം കക്ഷികൾക്കായി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചുകീറിയത് കോടതിയെ തന്നെ ഞെട്ടിച്ചു. ഇതോടെ ക്ഷുഭിതനായ ചീഫ്ജസ്റ്റിസ് കോടതിയിൽ നിന്നും ഇറങ്ങിപ്പോകുമെന്നു ഭീഷണിയും മുഴക്കി.
സുപ്രീംകോടതി ബെഞ്ചിന്റെ വിസ്താരത്തിനിടെയിലും അഭിഭാഷകൻ രാജീവ് ധവാൻ അതൃപ്തി അറിയിച്ചിരുന്നു. ബെഞ്ച് തങ്ങളോട് മാത്രമാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്നും എതിർകക്ഷികളോട് എന്താണ് ചോദ്യങ്ങളൊന്നും ചോദിക്കാത്തതെന്നുമായിരുന്നു രാജീവ് ധവാന്റെ ചോദ്യം. എന്നാൽ അഭിഭാഷകൻ രാജീവ് ധവാന്റെ ചോദ്യത്തിന് കോടതി ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും താങ്കൾ ഉത്തരം പറയാൻ ബാധ്യസ്ഥരാണ് എന്നാണ് കോടതി മറുപടി പറഞ്ഞത്.
ഇനിയും ഈ കേസിലെ വാദപ്രതിവാദത്തിനായി സമയം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ സമയം വേണമെന്ന് ഒരു അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ ‘കഴിഞ്ഞതു കഴിഞ്ഞു’ എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മറുപടി. എല്ലാ കക്ഷികൾക്കും വാദിക്കാനായി നാൽപ്പത്തഞ്ച് മിനിറ്റ് വീതം സമയം മാത്രമെ നൽകുള്ളൂവെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ഇതിനിടെ സുന്നി വഖഫ് ബോർഡ് നൽകിയ അപ്പീൽ പിൻവലിച്ചേക്കും. അലഹാബാദ് കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലാണ് പിൻവലിക്കുന്നത്. കേസിൽ നിന്നും പിന്മാറാനുള്ള താൽപര്യം മധ്യസ്ഥ സമിതിയെ അറിയിച്ചതായാണ് സൂചന. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സമവായമായതായും സൂചനയുണ്ട്.
കേസിൽ ഹിന്ദു മഹാസഭ നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു. കേസിൽ കോടതി ഇടപെടുന്നതുമായി ബന്ധപ്പെട്ട ഹർജിയാണിത്. അനുവദിച്ച സമയത്തിനുള്ളിൽ ഹർജി നൽകാത്തതിനാലാണു തള്ളിയത്. ഉച്ചയോടെ കേസിൽ മധ്യസ്ഥത്തിനായി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു.
നവംബർ 17-നു മുൻപായി കേസിൽ വിധി പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. 17-നാണ് ഗൊഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു പടിയിറങ്ങുക. അയോധ്യ കേസിൽ വാദം കേൾക്കുന്ന തുടർച്ചയായ 40-ാം ദിവസമാണിന്ന്. വാദം തുടങ്ങിയതുമുതൽ ഡിസംബർ 10 വരെ അയോധ്യ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലേക്കു വ്യോമമാർഗം അനുവാദമില്ലാതെ പ്രവേശിക്കുന്നതും ബോട്ടുകൾ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. പടക്ക വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
Discussion about this post