ന്യൂഡല്‍ഹി: രാജ്യത്തെ വലിയ കോര്‍പ്പറേറ്റുകളായ അദാനിയുടെയും അംബാനിയുടെയും ഉച്ചഭാഷിണിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹരിയാനയിലെ നൂഹില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യത്തെ ദരിദ്രരുടെ പോക്കറ്റില്‍ പണം എത്താതെ സാമ്പത്തിക മാന്ദ്യം മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നികുതി ഇളവ് ചെയ്തിരുന്നുവെന്നും അവര്‍ക്ക് 1.4 ലക്ഷം കോടി രൂപയുടെ ആശ്വാസം നല്‍കിയതായും രാഹുല്‍ വ്യക്തമാക്കി. കോര്‍പ്പറേറ്റുകള്‍ക്ക് എത്ര പണം നല്‍കിയാലും ദരിദ്രരുടെ പോക്കറ്റില്‍ പണം വച്ചില്ലെങ്കില്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മാറ്റാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണ്. അതിനിടെ മോഡി ദേശസ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തിന്റെ സ്വത്തുക്കള്‍ സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
Discussion about this post