മുംബൈ: ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി നിയമിതനാകുന്നതിൽ ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തിലായിരുന്നു. പല പേരുകളും പ്രതീക്ഷിച്ചിരുന്നെങ്കിലും ബിസിസിഐ അധ്യക്ഷനായി ഒടുവിൽ ഗാംഗുലി എത്തിയത് അപ്രതീക്ഷിതമായാണ്. എന്നാൽ ബിസിസിഐ സെക്രട്ടറിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ എത്തുകയും ചെയ്തതോടെ ഗാംഗുലിയുടെ നിയമനത്തിന് രാഷ്ട്രീയമാനങ്ങളും പലരും കൽപ്പിച്ചു നൽകിയിരുന്നു.
ഇതിനിടെ, നിയുക്ത ബിസിസിഐ അധ്യക്ഷനെ കാണാനായി ബിജെപി അധ്യക്ഷൻ കൂടിയായ അമിത് ഷാ എത്തിയതോടെ അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്തു. മുംബൈയിൽ വച്ചായിരുന്നു ഷാ-ഗാംഗുലി കൂടിക്കാഴ്ച. പശ്ചിമ ബംഗാളിൽ ഒരു ദീദി-ദാദ പോര് പോലും പലരും മുന്നിൽ കണ്ടു. പശ്ചിമ ബംഗാൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ ഭാഗമാണിതെന്നും ഗാംഗുലി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്നും വ്യാഖ്യാനിക്കപ്പെട്ടു.
അതേസമയം, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു അമിത് ഷാ. ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ നിയമിക്കുന്നതിൽ താൻ ഇടപെട്ടുവെന്ന പ്രചരണം തെറ്റാണെന്നും അമിത് ഷാ വ്യക്തമാക്കി. ബിസിസിഐയെ കാണുന്നതിന് തനിക്ക് യാതൊരു അധികാരവുമില്ല. ബിസിസിഐയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ നടപടി ക്രമങ്ങളുണ്ട്. ഗാംഗുലിയെ ബിജെപിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. അദ്ദേഹം പാർട്ടിയിൽ ചേർന്നാൽ സന്തോഷമേയുള്ളു എന്നുമായിരുന്നു അമിത് ഷായുടെ വാക്കുകൾ.
Discussion about this post