ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്ന ഹിന്ദുമഹാസഭാനേതാവ് സവര്‍ക്കര്‍ക്ക് നല്‍കുമെന്ന മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ കോണ്‍ഗ്രസ്. ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു.
മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് സവര്‍ക്കറുടെ പേര് ഭാരതരത്നയ്ക്കായി ശുപാര്‍ശ ചെയ്യുമെന്ന് പരാമര്‍ശിച്ചത്. സവര്‍ക്കറുടെ പേരിനൊപ്പം സാമൂഹിക പരിഷ്കര്‍ത്താക്കളായ മഹാത്മാ ജ്യോതി ഫുലെ, സാവിത്രിബായ് ഫുലെ എന്നിവരുടെ പേരും ശുപാര്‍ശ ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ഇതിനെതിരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചിരിക്കുന്നത്. മാഹാത്മാ ഗാന്ധിയുടെ ജനനത്തിന്റെ 150ാം വാര്‍ഷികാഘോഷ സമയത്തു തന്നെ സര്‍ക്കാര്‍ അങ്ങനൊരു തീരുമാനത്തില്‍ എത്തിയെങ്കില്‍ പിന്നെ ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
പരീക്ഷയില്‍ എങ്ങനെയാണ് മാഹാത്മഗാന്ധി ആത്മഹത്യ ചെയ്തതെന്ന് ചോദിക്കുന്ന രാജ്യത്ത് എന്തും സംഭവിക്കുമെന്നും മഹാത്മാ ഗാന്ധി വധക്കേസില്‍ വിചാരണ നേരിട്ടയാളാണ് സവര്‍ക്കറെന്നും തിവാരി വ്യക്തമാക്കി. ഒരു വശത്ത് ഗാന്ധിയെ പുകഴ്ത്തുന്നവരാണ് മറുവശത്ത് ഇതുപോലുള്ള ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്ന് മഹാത്മാ ഗാന്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ട് ലേഖനം എഴുതിയ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനേയും തിവാരി വിമര്‍ശിച്ചു.
Discussion about this post