അലിഗഢ്: പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. യുവാവിനെ പൊതിരെതല്ലിയ നാട്ടുകാര്‍ തല മൊട്ടയടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സഹാറഖുര്‍ദ് ജില്ലയിലാണ് സംഭവം. നവംബര്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
സഹാറഖുര്‍ദ് സ്വദേശിയായ വഖീല്‍ എന്ന യുവാവിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇയാളെ വീട്ടില്‍നിന്ന് വലിച്ചിറക്കി കൊണ്ടുപോയശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു.
ഇതിനിടെ യുവാവിന്റെ തല മൊട്ടയടിക്കുകയും ചെയ്തു. പിന്നീട് സമീപത്തെ കനാലിന് സമീപത്തേക്ക് വലിച്ചിഴച്ചു. ഇവിടെവച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ സംഭവമറിഞ്ഞെത്തിയ ചിലര്‍ അക്രമികളെ പിന്തിരിപ്പിക്കുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, പോലീസ് അറസ്റ്റ് ചെയ്ത വഖീല്‍ നിരപരാധിയാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. വഖീലിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തതാണെന്നും, പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ ഇയാള്‍ക്ക് പങ്കില്ലെന്നും സാമൂഹിക പ്രവര്‍ത്തകനായ ഇഫ്രാഹിം ഹുസൈന് പറഞ്ഞു. വഖീലിനെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് നിര്‍ദേശം നല്കി.
Discussion about this post