മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഇ ഇത്തെഹാദുല്‍ മുസ്ലിമീന് തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഒരു കപ്പല്‍ മുങ്ങുമ്പോള്‍ എല്ലാവരെയും സുരക്ഷിതമാക്കിയതിന് ശേഷമാണ് അതിലെ കപ്പിത്താന് രക്ഷപ്പെടുക. എന്നാല്‍ കോണ്‍ഗ്രസ് കപ്പല്‍ മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെട്ട ആളാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ബിവാദി വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായി നടത്തിയ പ്രചാരണ വേദിയില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസം നടത്തിയത്. ”കടലിന് നടുവില്‍ ഒരു കപ്പല്‍ മുങ്ങുമ്പോള്‍, എല്ലാവരെയും സുരക്ഷിതരാക്കിയതിന് ശേഷമാണ് കപ്പിത്താന് രക്ഷപ്പെടുക. പക്ഷേ കോണ്‍ഗ്രസ് മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെടുന്ന കപ്പിത്താനാണ് രാഹുല്‍ ഗാന്ധി. മുസ്ലീങ്ങള്‍ ജീവനോടെയിരിക്കുന്നത് എഴുപത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് കാണിച്ച ദയകൊണ്ടല്ല, ഭരണഘടനകൊണ്ടും ദൈവത്തിന്റെ കൊണ്ടുമാണ് നമ്മള് ജീവിച്ചിരിക്കുന്നത്.” – ഒവൈസി പറയുന്നു.
രാഹുല്‍ ഗാന്ധിക്ക് പുറമെ കേന്ദ്ര സര്‍ക്കാരിനെതിരെയും അദ്ദേഹം വിമര്‍ശനം തൊടുത്തിട്ടുണ്ട്. മുത്തലാഖ് നിയമം നടപ്പിലാക്കിയ നടപടിക്കെതിരെയായിരുന്നു വിമര്‍ശനം. ”മുത്തലാഖ് നിയമം എല്ലാ മുസ്ലീങ്ങള്‍ക്കും എതിരാണ്. ബിജെപി സര്‍ക്കാര്‍ ഒരുപാട് കാലം ഇനിയും ഭരിക്കും അതുകൊണ്ടുതന്നെ ഈ അന്ധകാരം ഒരുപാട് കാലം നിലനില്ക്കും” – ഒവൈസി പറയുന്നു.
Discussion about this post