ന്യൂഡൽഹി: പാകിസ്താന്റെ ഹെലികോപ്റ്ററെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യയുടെ ഹെലികോപ്റ്റർ തകർത്ത ആറ് ഉദ്യോഗസ്ഥർക്കെതിരെ വ്യോമസേനയുടെ കടുത്ത നടപടി. ഇന്ത്യൻ ഹെലികോപ്റ്റർ വെടിവച്ചിട്ട രണ്ട് പേരെ പട്ടാളക്കോടതി വിചാരണ ചെയ്യും. ഫെബ്രുവരി 27നാണ് പാക് ഹെലികോപ്റ്ററാണെന്ന് തെറ്റിദ്ധരിച്ച് എംഐ 17 ഹെലികോപ്റ്റർ മിസൈൽ ഉപയോഗിച്ച് വ്യോമസേന തകർത്തത്.
ശത്രുരാജ്യത്തിന്റെത് എന്ന് തെറ്റിദ്ധരിച്ച് സ്വന്തം ഹെലികോപ്റ്റർ മിസൈൽ ഉപയോഗിച്ച് തകർത്തത് ഏറെ വിമർശനത്തിന് കാരണമായിരുന്നു. പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് വ്യോമസേന തലവൻ തുറന്നുസമ്മതിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് വ്യോമസേന തയ്യാറെടുക്കുന്നത്.
ആറുപേരിൽ രണ്ട് ഉദ്യോഗസ്ഥർ പട്ടാളക്കോടതിയുടെ വിചാരണയ്ക്ക് വിധേയരാകും. നാല് പേർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ബലാക്കോട്ട് ആക്രമണം നടന്ന ദിവസമാണ് മിസൈൽ ആക്രമണത്തിലൂടെ എംഐ 17 ഹെലികോപ്റ്റർ വ്യോമസേന തകർത്തത്. സംഭവത്തിൽ ഒരു പ്രദേശവാസി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.