ജപ്പാന് സഹായവുമായി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: ചുഴലിക്കാറ്റിൽ വെള്ളപ്പൊക്കവും കെട്ടിടങ്ങളും തകർന്ന് കഷ്ടപ്പാടിലായ ജപ്പാന് സഹായഹസ്തം നീട്ടി ഇന്ത്യ. ഹാഗിബിസ് ചുഴലിക്കാറ്റാണ് ജപ്പാനിൽ ദുരിതം വിതയ്ക്കുന്നത്. ഇതോടെ, ദുരിതമനുഭവിക്കുന്ന ജപ്പാന് ആവശ്യമായ സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിക്കുകയായിരുന്നു. ജപ്പാനിൽ ഇന്ത്യൻ നാവികസേനയുടെ സഹായം ഉടനെത്തുമെന്നും ഈ സന്ദർഭത്തിൽ ജപ്പാനൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

എന്റെ സുഹൃത്ത് ആബെ ഷിൻസേയുടെ നേതൃത്വത്തിൽ എത്രയും വേഗത്തിൽ ജപ്പാൻ ജനത ദുരിതത്തിൽ നിന്ന് പൂർവസ്ഥിയിലെത്തുമെന്നു മോഡി ട്വിറ്ററിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു. ജപ്പാന് വേണ്ട സഹായം നൽകുമെന്ന് ഇന്ത്യൻ നാവിക സേനയും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഹാഗിബിസ് ദുരിതബാധയിൽ നിന്ന് കരകയറാനുള്ള ജപ്പാന്റെ പരിശ്രമങ്ങൾക്ക് സഹായവും നാവിക സേന വാഗ്ദാനം ചെയ്തു. നാവികസേനാക്കപ്പലുകളായ ഐഎൻഎസ് സഹ്യാദ്രിയും ഐഎൻഎസ് കിൽതാനും ജപ്പാനിലേക്ക് പുറപ്പെട്ടതായും ട്വീറ്റിലുണ്ട്.

ഹാഗിബിസ് ചുഴലിക്കാറ്റ് മൂലമുണ്ടായ മണ്ണിടിച്ചിലിലും ചുഴലിക്കാറ്റിലും വ്യാപക നാശമാണ് ജപ്പാനിൽ ഉണ്ടായിരിക്കുന്നത്. 35 പേർക്ക് ജീവഹാനി സംഭവിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിനാളുകൾ ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്.

Exit mobile version