ബരേലി: മാസം തികയാതെ ജനിച്ചത് കാരണം മരിച്ചുപോയ തന്റെ മകളെ അടക്കാനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് ജീവനോടെ മണ്‍പാത്രത്തില്‍ കുഴിച്ചു മൂടിയ പിഞ്ചു കുഞ്ഞിനെ. ഉത്തര്‍പ്രദേശിലെ ബരേലി ജില്ലയിലാണ് ഈ സംഭവം. വ്യാപാരിയായ ഹിതേഷ് കുമാര്‍ സിരോഹിയാണ് കുഞ്ഞിനെ കണ്ടെടുത്തത്.
ബരേലിയിലെ സബ് ഇന്‍സ്പെക്ടറാണ് സിരോഹിയുടെ ഭാര്യ വൈശാലി. ഏഴുമാസം ഗര്‍ഭിണി ആയ ഇവരെ ബുധനാഴ്ച്ച പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വ്യാഴാഴ്ച ഇവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും മാസം തികയാതെ പ്രസവിച്ചത് കാരണം കുഞ്ഞ് മരിച്ചു പോയി. ഈ കുഞ്ഞിനെ അടക്കം ചെയ്യാനായി കുഴി എടുത്തപ്പോള്‍ ആണ് മണ്കുടത്തില് ജീവനോടെ കുഴിച്ചിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്.
മണ്‍പാത്രത്തില്‍ അടച്ച് വെച്ചതിനാല്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്ന നിലയിലായിരുന്നു കുഞ്ഞ്. ഉടന്‍ തന്നെ ഇവര്‍ കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പിഞ്ചു കുഞ്ഞിനെ ഈ നിലയില്‍ ഉപേക്ഷിച്ചവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Discussion about this post