ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള ഉച്ചകോടിക്ക് പിന്നാലെ തൊടട്ടുത്ത ദിവസമായ ഞായറാഴ്ച വേദിയായ മഹാബലിപുരത്തേക്ക് കൂട്ടത്തോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക്. ഇന്നലെ മുക്കാൽ ലക്ഷത്തോളം പേരാണ് പല്ലവ രാജവംശത്തിന്റെ ചരിത്രം ഉറങ്ങുന്ന ശിൽപനഗരം കാണാനെത്തിയത്. പ്രവൃത്തി ദിനങ്ങളിൽ 2500 പേരും അവധി ദിനങ്ങളിൽ പരമാവധി 10,000 സഞ്ചാരികളുമാണ് ഇതുവരെ എത്തിയിരുന്നത്. എന്നാൽ ഇന്നലെ മുതൽ ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് അന്വേഷണങ്ങൾ എത്തുന്നതായാണ് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മഹാബലിപുരത്ത് ഉച്ചകോടിക്കു മുന്നോടിയായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ശിൽപങ്ങളിൽ ചായം തേച്ചും ശുചിമുറിയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കിയും പരിസരം വൃത്തിയാക്കിയും മുഖഛായ തന്നെ മാറ്റി മറിച്ചു. ശനിയാഴ്ച ഷി ജിൻപിങ് മടങ്ങിയതിനു പിന്നാലെ മഹാബലിപുരം വിനോദസഞ്ചാരികൾക്കായി തുറന്നും കൊടുത്തു. മോഡിയും ഷിയും ഒരുമിച്ചു സന്ദർശിച്ച അർജുന തപസ്സ്, കൃഷ്ണന്റെ വെണ്ണക്കട്ടി, പഞ്ചരഥം, തീരക്ഷേത്രം എന്നിവിടങ്ങളിൽ ഫോട്ടോയെടുക്കാനുള്ളവരുടെ തിരക്കായിരുന്നു ഏറെയും.
ഉച്ചകോടിക്കായി സ്ഥാപിച്ച അലങ്കാര വിളക്കുകൾ ഒന്നും ഇനിയും മാറ്റിയിട്ടില്ല. സന്ദർശന സമയം വൈകിട്ട് 6 വരെയാണെങ്കിലും വൈദ്യുതിപ്രഭയിൽ കുളിച്ച ശിൽപങ്ങൾ പുറത്തു നിന്നു കാണാൻ രാത്രി വൈകിയും ഒട്ടേറെ പേരെത്തി.
അതേസമയം, ഉച്ചകോടിക്കിടെ മാലന്യത്തിനെതിരെ ശബ്ദമുയർത്തി പ്രധാനമന്ത്രി താരമായെങ്കിലും വിനോദസഞ്ചാരികൾ ഇരച്ചെത്തിയതോടെ ചിലയിടങ്ങളിൽ ഇന്നലെ മുതൽ തന്നെ മാലിന്യക്കൂമ്പാരങ്ങളാണ് പ്രത്യക്ഷപ്പെട്ടത്
Discussion about this post