കൊൽക്കത്ത: കുറച്ചുകാലത്തെ പരിചയത്തിനു ശേഷം ആദ്യമായി കണ്ടുമുട്ടിയ ഫേസ്ബുക്ക് സുഹൃത്തുക്കൾ മണിക്കൂറുകൾക്കകം വിവാഹിതരായി. പശ്ചിമബംഗാളിൽ നിന്നാണ് ഈ അതിശയിപ്പിക്കുന്ന വാർത്ത പുറത്തുവരുന്നത്. ദുർഗ പൂജയ്ക്ക് കണ്ടുമുട്ടിയ ഫേസ്ബുക്ക് സുഹൃത്തുക്കളാണ് ഒരുമിച്ച് ജീവിക്കാൻ മണിക്കൂറുകൾക്കകം തീരുമാനമെടുത്തത്. ദുർഗ്ഗ പൂജയുടെ രണ്ടാം ദിനം രാത്രിയിലായിരുന്നു ഇരുവരുടെയും ആദ്യ കണ്ടുമുട്ടലും വിവാഹവും. മൂന്ന് മാസം മുമ്പാണ് സുദീപ് ഘോസലും പ്രിതമ ബാനർജിയും ഫേസ്ബുക്ക് സുഹൃത്തുക്കളായത്. ഏറെ നാളുകളായി നേരിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഇരുവരും ഒടുവിൽ അഷ്ടമി ദിനത്തിൽ ദുർഗ്ഗപൂജ ആഘോഷങ്ങൾ നടക്കുന്ന സ്ഥലത്ത് വെച്ചാണ് ആദ്യമായി കണ്ടത്.
ജൂലൈ 25ന് ഫേസ്ബുക്കിൽ പരിചയക്കാരായെങ്കിലും ഇരുവരുടേയും ജോലി തിരക്ക് കാരണം പരസ്പരം കാണാൻ ഇരുവർക്കും അവസരം ലഭിച്ചിരുന്നില്ല. അതിനിടെയാണ് ദുർഗ്ഗാപൂജ ഇരുവർക്കും കൂടിക്കാഴ്ചയ്ക്കുള്ള വഴിയൊരുക്കിയത്. ദുർഗ്ഗാപൂജയിലെ അഷ്ടമി ദിനത്തിൽ യാദൃശ്ചികമായി കണ്ടുമുട്ടുകയും, കണ്ടുമുട്ടിയ അന്നുതന്നെ വിവാഹിതരാവാൻ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ നാലുമണിക്കൂറിനുള്ളിൽ തന്നെ പ്രിതമയുടെ നെറുകയിൽ സിന്ദൂരം ചാർത്തി സുദീപ് അവരെ ജീവിതത്തിലേക്ക് ക്ഷണിച്ചു.
നെറ്റിയിൽ സിന്ദൂരം അണിഞ്ഞു തരണമെന്ന ആവശ്യം മാത്രമേ വിവാഹ ചടങ്ങുകളുടെ ഭാഗമായി പ്രിതമ മുന്നോട്ടുവെച്ചിരുന്നുള്ളൂ. ചടങ്ങുകൾക്കൊന്നും വലിയ പ്രാധാന്യം നൽകാത്ത ആളായതിനാൽ അന്ന് തന്നെ വിവാഹിതരാവുകയായിരുന്നു’, വരനായ സുദീപിന്റെ വാക്കുകൾ ഇങ്ങനെ.
ഷിയോരഫുളിയിൽ ബുട്ടീക്ക് നടത്തുകയാണ് പ്രിതമ. തന്റെ കുടുംബാംഗങ്ങൾ യാഥാസ്ഥിതികരാണെങ്കിലും ഒടുവിൽ വിവാഹത്തിന് സമ്മതിച്ചെന്ന് പ്രിതമ പറയുന്നു. അതേസമയം, ഏറെ നാളായി 35 കാരനായ സുദീപിനെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്ന വീട്ടുകാർക്ക് ഈ തീരുമാനം ഏറെ സന്തോഷം പകരുന്നതായിരുന്നു.
Discussion about this post