പട്ന: മോഡേണ്‍ ആവാത്തതിന്റെ പേരില്‍ തന്നെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി രംഗത്ത്. ആധുനിക രീതിയില്‍ പെരുമാറുന്നില്ലെന്ന് ആരോപിച്ച് തന്നെ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് ബിഹാറുകാരിയായ നൂറി ഫാത്തിമ പറയുന്നു. സംസ്ഥാന വനിതാ കമ്മീഷനിലാണ് നൂറി പരാതി നല്‍കിയത്.
2015-ലായിരുന്നു നൂറി ഫാത്തിമയുടെയും ഇമ്രാന് മുസ്തഫയുടെയും വിവാഹം. പിന്നീട് ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറി. നഗരത്തിലെ പെണ്‍കുട്ടികളെപ്പോലെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാത്തതിന്റെ പേരിലും നിശാപാര്‍ട്ടികളില്‍ മദ്യപിക്കാത്തതിന്റെ പേരിലും തന്നെ ദിവസവും ഭര്‍ത്താവ് ഇമ്രാന് മര്‍ദ്ദിക്കാറുണ്ടെന്നും നൂറി വെളിപ്പെടുത്തി. ശേഷമാണ് അപ്രതീക്ഷിതമായി മുത്തലാഖ് ചൊല്ലിയതെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കമ്മീഷനു മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇമ്രാന് നോട്ടീസ് അയച്ചെന്ന് വനിതാകമ്മിഷന് അധ്യക്ഷ ദില്‍മാനി മിശ്ര പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് നിലവില്‍വന്ന മുത്തലാഖ് നിയമപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മൂന്നുവര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കും. നിയമം പ്രാബല്യത്തില്‍ വന്നിട്ടും രാജ്യത്തിന്റെ പലയിടങ്ങളിലും മുത്തലാഖ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post