മുംബൈ: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന വാർത്തകൾക്കിടെ പ്രതിരോധിക്കാൻ വിചിത്രവാദം ഉന്നയിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാജ്യത്ത് സാമ്പത്തികമാന്ദ്യം ഇല്ലെന്നു സ്ഥാപിക്കാൻ മൂന്നു ചലച്ചിത്രങ്ങളുടെ കോടികളുടെ വരുമാനം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തിയത്.
ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ മൂന്നു ചലച്ചിത്രങ്ങൾ ഇന്ത്യയിൽ നേടിയത് 120 കോടി രൂപയുടെ വരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വളർച്ചാ മുരടിപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രിയായിരുന്നു താൻ. സിനിമ വലിയ ഇഷ്ടമാണ്. അതു വലിയ ബിസിനസ് കൂടിയാണ്. ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ മൂന്നു ചലച്ചിത്രങ്ങൾ 120 കോടി രൂപ വരുമാനമുണ്ടാക്കി. സുശക്തമായ സാമ്പത്തികസ്ഥിതിയുള്ള രാജ്യത്തുനിന്നാണ് ഈ പണം വരുന്നത്. സാമ്പത്തികമുരടിപ്പ് ഇല്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.
ഏതായാലും മന്ത്രിയുടെ പുതിയ തിയറി സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ട്രോളുകളിലൂടെ മന്ത്രിക്കുള്ള മറുപടിയും ഇവർ നൽകുന്നു.
Discussion about this post