ന്യൂഡൽഹി: വൈദ്യുതി ബില്ലടച്ച ഇരുപത് ലക്ഷം പേരുടെ വിവരങ്ങൾ ഓൺലൈനിൽ. ഹിമാചൽ പ്രദേശിലെ ഇലക്ട്രിസിറ്റി ഉപഭോക്താക്കളായ 20 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഫോൺ നമ്പറും ആധാർ നമ്പറുമടക്കമുള്ള വിവരങ്ങളാണ് ഓൺലൈനിൽ ചോർന്നത്. ബാങ്ക് അക്കൗണ്ടുവഴി ഇലക്ട്രിസിറ്റി ബിൽ അടച്ചവരുടെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. വ്യക്തികളുടെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ചോർന്നിട്ടുണ്ട്. ബില്ലടച്ചവരുടെ പേര്, ഇമെയിൽ ഐഡി, ബോർഡ് കസ്റ്റമർ ഐഡി, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, അക്കൗണ്ട് ഡീറ്റിയേൽസ്, ഐഎഫ്എസ്സി കോഡ്, ഫോൺ നമ്പർ എന്നീ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.
ഈ ചോർന്നുകിട്ടിയ വിവരങ്ങളിൽ നിന്നും മുഴുവൻ വ്യക്തിവിവരങ്ങളും ശേഖരിക്കാൻ ഹാക്കർമാർക്ക് കഴിയും. ഫോൺ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് മറ്റ് വിവരങ്ങളും ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെ വിവരം ഉൾപ്പടെ ഹാക്കർമാർക്ക് കണ്ടെത്താൻ സാധിക്കും. സൈബർ സെക്യൂരിറ്റി ഗവേഷകനായ ഋഷി ദ്വിവേദിയാണ് വിവരചോർച്ച കണ്ടെത്തിയത്. വെബ്സൈറ്റിൽ നിന്ന് ആർക്കും വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് ദ്വിവേദി കണ്ടെത്തിയത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഡാറ്റാ ലോക്കിങ് സിസ്റ്റവും വെബ്സൈറ്റിന് ഇല്ലെന്ന് അദ്ദേഹം കണ്ടെത്തി.
ഇത് സംബന്ധിച്ച് എച്ച്പിഎസ്ഈബിഎല്ലിന് മെയിൽ അയച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് ദ്വിവേദി പറയുന്നു. ഇത്തരം വിവരങ്ങൾ ബ്ലാക്ക് മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. വലിയ ഡിമാന്റാണ് ഇത്തരം വിവരങ്ങൾക്കെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത് വലിയ സുരക്ഷാ വീഴ്ചയാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post