അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണിത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ ജില്ലകളിലാണ് സുരക്ഷ ശക്തമാക്കിയത്.
പഞ്ചാബ് പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജലന്ധറില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. വ്യോമ-കര-നാവിക സേനാ പ്രതിനിധികളും അതിര്‍ത്തി സുരക്ഷസേന, എന്‍ഐഎ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
എഡിജിപിമാരായ ഈശ്വര്‍ സിംഗ്, രാകേഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ 5000-ത്തോളം പോലീസുകാരാണ് അതിര്‍ത്തി ജില്ലകളില്‍ തിരച്ചില്‍ നടത്തുന്നത്. നേരത്തെ അഞ്ഞൂറോളം ഭീകരര്‍ പാക് അധീന കാശ്മീരിലെ കേന്ദ്രങ്ങളില്‍ നിന്ന് ജമ്മു കാശ്മീര്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
Discussion about this post