വിശാഖപട്ടണം: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജഗന്‍ മോഹന്‍ റെഡ്ഡി മാനസിക രോഗിയെ പോലെ പെരുമാറുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനവിരുദ്ധ രാഷ്ട്രീയമാണെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ അനാവശ്യമായ കേസുകള്‍ എടുക്കുകയാണെന്നും പോലീസ് അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. വിശാഖപട്ടണത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം. ഈ സമയത്താണ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം തൊടുത്തത്.
ചന്ദ്രബാബു നായിഡുവിന്റെ വാക്കുകള്‍;
എന്നോട് മാന്യമായി പെരുമാറുന്നവരോട് ഞാനും മാന്യമായാണ് പെരുമാറുന്നത്. പക്ഷേ ജഗന്റെ പെരുമാറ്റം ഒരു മാനസിക രോഗിയുടേതാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണം വളരെ മോശമാണ്. പാര്‍ട്ടി നേതാക്കള്‍ ‘ജഗ്ഗന്‍ ടാക്സ്’ പിരിക്കുകയാണ്. ഞാന്‍ പല മുഖ്യമന്ത്രിമാരേയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. സര്‍ക്കാര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ലക്ഷ്യംവെക്കുകയാണ്. ഇത് നല്ലതിനല്ല.