അമ്രോഹ: അമ്രോഹയില്‍ ഉള്ളിയുടെ പേരില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ തര്‍ക്കം. ഇത് ഉന്തും തള്ളിലും എത്തയതോടെ ഇരു കുടുംബങ്ങളും ഇടപ്പെട്ടു. അവസാനം സംഭവം കോടതി വരെ എത്തി.
ബുധനാഴ്ച രാവിലെ അമ്രോഹ ജില്ലയിലാണ് സംഭവം.
കലഖേരി ഗ്രാമത്തിലെത്തിയ പച്ചക്കറി കച്ചവടക്കാരനോട് ഉള്ളിയുടെ വില പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നു നേഹയെന്ന യുവതി. ഇത് കേട്ട് അടുത്തേയ്ക്ക് എത്തിയതാണ് ദീപ്തി എന്ന മറ്റൊരു യുവതി. നേഹ വിലപേശുന്നത് കണ്ട ദീപ്തി അവരുടെ പക്കല്‍ ഉള്ളി വാങ്ങാനുള്ള കാശില്ലെന്നും അവളോട് തര്‍ക്കിച്ച് സമയം കളയേണ്ടതില്ലന്നും പരിഹസിക്കുന്ന രീതിയില്‍ പറഞ്ഞു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഉള്ളി വില കുറച്ച് കിട്ടാത്തതില്‍ കലിതുള്ളി നില്ക്കുന്ന നേഹ ഇതോടെ ക്ഷുഭതയായി.
ദീപ്തിയോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച നേഹയുടെ വായില്‍ നിന്ന് അസഭ്യവര്‍ഷം തന്നെയാണ് പിന്നീടുണ്ടായത്. ദീപ്തിയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇവര്‍ തമ്മിലുള്ള തര്‍ക്കം മുറുകി. ഇത് പിടിവലിയിലേക്കും കൈയ്യാങ്കളിയിലേക്കും എത്തി.
ഇതിനിടെ ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഇവിടെ എത്തി പിന്നെ അവര്‍ തമ്മിലായി പോര്.
വിവരമറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴേക്കും അഞ്ച് പേരും തമ്മില്‍ത്തല്ലി പരിക്കേറ്റ് അവശരായിരുന്നു. തുടര്‍ന്ന് പോലീസ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അഞ്ച് പേര്‍ക്കുമെതിരെ അടിപിടി കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
Discussion about this post