ന്യൂഡല്‍ഹി: വിവിധ ഭാഷകളിലായി പ്രേക്ഷക പ്രീതി നേടി മുന്‍പോട്ടു പോകുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ പരസ്യ പ്രതിഷേധവുമായി ബിജെപി രംഗത്ത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി പതിപ്പിനെതിരെയാണ് ഗാസിയാബാദ് ബിജെപി എംഎല്‍എയായ നന്ദ് കിഷോര്‍ ഗുജ്ജര്‍ രംഗത്തെത്തിയത്. സംഭവത്തില്‍ പ്രക്ഷേപണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേതാവ് വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്ത് നല്‍കി.
ബിഗ് ബോസ് ഷോ അശ്ലീലവും പ്രാകൃതവുമാണെന്നും കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളാത്തതാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ”ബിഗ് ബോസില്‍ രാജ്യത്തിന്റെ സംസ്‌കാരിക മൂല്യങ്ങളെ ഹനിക്കുന്ന വളരെ അടുത്തിടപഴകുന്ന രംഗങ്ങളുണ്ട്. വ്യത്യസ്ത ജാതിയില്‍ നിന്നുള്ളവര്‍ ഒരുമിച്ച് ഒരു കിടക്കയില്‍ കിടക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുപക്ഷത്ത് ഇത്തരം ഷോകള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കുന്നു” നന്ദ് കിഷോര്‍ പറയുന്നു.
ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ഇനിയും സംഭവിക്കാം, അത് ആവര്‍ത്തിക്കാതിരിക്കാന്‍ ടെലിവിഷന്‍ പരിപാടികളും സെന്‍സറിംഗിന് വിധേയമാക്കണമെന്നും നേതാവ് പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും കാണുന്ന ടിവി പരിപാടിയിലാണ് ഇത്തരം അശ്ലീല സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ ഇന്റര്‍നെറ്റിലും ലഭ്യമാണെന്നും നന്ദ് കിഷോര്‍ പറയുന്നു.