മുംബൈ: വ്യാജ വാര്‍ത്തയ്ക്കെതിരെ മുന്നറിയിപ്പുമായി ജിയോ രംഗത്ത്. ആറു മാസത്തേക്ക് ദിവസേന 25 ജിബിയുടെ സൗജന്യ ഡേറ്റ വാഗ്ദാനം ചെയ്യുന്നുവെന്ന വ്യാജ എസ്എംഎസുകള്‍ക്കെതിരെയാണ് ജിയോ രംഗത്ത് എത്തിയിരിക്കുന്നത്.
ജിയോ ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നില്ല. ജിയോ ഓഫറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളുടെ മൈജിയോ ആപ്ലിക്കേഷനിലോ ജിയോ ഡോട്ട് കോമിലോ ലഭ്യമാണ്. സ്പാം സന്ദേശങ്ങളും സ്കാമര്‍മാരും ശ്രദ്ധിക്കണമെന്നും റിലയന്‍സ് ജിയോ കൂട്ടിച്ചേര്‍ത്തു.
ജിയോയും കെബിസിയും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു ലോട്ടറി ഉപഭോക്താവിന് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന കോളുകളും വാട്സാപ് സന്ദേശങ്ങളും ലഭിച്ചതായി നിരവധി ജിയോ ഉപഭോക്താക്കള്‍ പറയുന്നുണ്ട്. ഉപയോക്താക്കള്‍ ഇത് സംബന്ധിച്ച് റിലയന്‍സ് ജിയോയില്‍ വിളിച്ചു ചോദിച്ചപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് അറിയുന്നത്.
ഇത് ജിയോയുടെ പേര് ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇതര നെറ്റ്വര്ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. മറ്റ് നെറ്റ്വര്ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു. അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്റര്‍നെറ്റ് ഡാറ്റ നല്‍കുമെന്നാണ് വാഗ്ദാനം.
ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല. ജിയോ ടു ജിയോ, ലാന്‍ഡ്ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കാളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല. 2020 ജനുവരി വരെ കോളുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം. തുടക്കം മുതല്‍ ജിയോ സൗജന്യമായിട്ടായിരുന്നു വോയിസ് കോളുകള്‍ അനുവദിച്ചത്.