നിയന്ത്രണങ്ങളില്‍ അയവ് വരുത്തും; ജമ്മുകാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശിക്കാം

ശ്രീനഗര്‍: നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായി ജമ്മുകാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പ്രവേശനം അനുവദിക്കുന്നത്.

കാശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.

ഇവിടെ എല്ലാ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഡാക്കിലെ ഭൂമി സംരക്ഷിക്കുന്നതിനും ജോലി ഉറപ്പ് വരുത്തുന്നതിനുമായി ലഡാക്ക് ജനപ്രതിനിധികള്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് സമഗ്ര വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Exit mobile version