മോഡി-ഷി ജിന്‍ പിങ് ഉച്ചകോടി; രാഷ്ട്രനേതാക്കന്മാരെ വരവേല്‍ക്കാനായി മഹാബലിപുരം ഒരുങ്ങി

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷി ജിന്‍ പിങ്ങ് ഇന്ത്യയിലെത്തുക

മഹാബലിപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെയും വരവേല്‍ക്കാനൊരുങ്ങി മഹാബലിപുരം. മോഡി-ഷി ജിന്‍ പിങ് അനൗദ്യോഗിക ഉച്ചകോടി നടക്കാന്‍ പോകുന്ന തമിഴ്‌നാട്ടിലെ ചരിത്രനഗരമായ മഹാബലിപുരം ഇനി രാജ്യാന്തരതലത്തിലും ശ്രദ്ധേയമാവും. വെള്ളി, ശനി ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുക.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷി ജിന്‍ പിങ്ങ് ഇന്ത്യയിലെത്തുക. ചെന്നൈ വിമാനത്താവളത്തിലെത്തുന്ന ഷി ജിന്‍ പിങ്ങിനെ പാട്ടും നൃത്തവുമൊക്കെയായി വരവേല്‍ക്കും. ശേഷം ചൈനയില്‍നിന്നെത്തിച്ച കാറില്‍ റോഡുമാര്‍ഗം ഷി ജിന്‍ പിങ് മഹാബലിപുരത്തെത്തും. അതീവ സുരക്ഷയാണ് ഇവിടെ ഒരുക്കുക. ചൈനയിലെ സുരക്ഷാമേധാവികളുടെ നിര്‍ദേശമനുസരിച്ച് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ചെന്നൈയിലും മഹാബലിപുരത്തും ഒരുക്കിയിട്ടുണ്ട്.

ശില്പചാതുരി കൊണ്ട് പ്രസിദ്ധമായ മഹാബലിപുരം നിര്‍ണായ ഉച്ചകോടിക്കായി എത്തുന്ന രാഷ്ട്രനേതാക്കന്മാരെ വരവേല്‍ക്കാന്‍ ഒരുങ്ങി. നഗരം കൂടുതല്‍ സൗന്ദര്യവത്കരിച്ചു. ചെന്നൈയില്‍നിന്ന് മഹാബലിപുരത്തേക്കുള്ള റോഡുകള്‍ മെച്ചപ്പെടുത്തി. സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി കടകള്‍ പലതും അടപ്പിച്ചു. എങ്ങും ക്യാമറകളും സ്ഥാപിച്ചു.

Exit mobile version