4ജിയുമായെത്തി വിപ്ലവം സൃഷ്ടിച്ച ജിയോ സൗജന്യസേവനം നിര്‍ത്തുന്നു. ജിയോയില്‍ നിന്ന് മറ്റ് കണക്ഷനുകളിലേക്ക് വിളിക്കുന്നതിന് ഇനി ചാര്‍ജ് ഈടാക്കും. ഒക്ടോബര്‍ 10ന് ശേഷമുള്ള അടുത്ത റീചാര്‍ജ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മിനിറ്റിന് ആറ് പൈസയാകും മറ്റ് കണക്ഷനുകളിലേക്ക് വിളിക്കുമ്പോള്‍ ജിയോ ഇടാക്കുന്ന തുക. സ്വന്തം നെറ്റ് വര്‍ക്കുകളിലേക്കുള്ള വോയ്സ് കോളുകള്‍ കമ്പനി സൗജന്യമായി തുടരും.
ഐയുസി അഥവാ ഇന്റര്‍ കണക്ട് യുസേജ് ചാര്‍ജ് കവര്‍ ചെയ്യാനാണ് നിലവില്‍ ഉപഭോക്താക്കളില്‍ നിന്നും ജിയോ ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് പണം ഈടാക്കുന്നത്. അതേസമയം, ഉപഭോക്താക്കളെ ആശ്വസിപ്പിക്കാന്‍ മറ്റൊരു ഓഫര്‍ ജിയോ മുന്നോട്ടുവച്ചിട്ടുണ്ട്. ഓരോ പത്ത് രൂപയുടെ ടോപ് അപ് റീചാര്‍ജിനും ഒരു ജിബി വീതം ലഭിക്കും എന്നതാണ് ഓഫര്‍.
ഒരു ഓപ്പറേറ്ററില്‍ നിന്ന് മറ്റൊരു ഓപ്പറേറ്റിലേക്ക് വോയ്സ് കോള്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന തുകയാണ് ഐയുസി. ട്രായ് ആണ് ഐയുസി നിശ്ചയിക്കുന്നത്. മിനിറ്റിന് 6 പൈസയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ഐയുസി.
ഔട്ട്ഗോയിംഗ് കോളുകള്‍ക്കായി ഒരു ഓപ്പറേറ്റര്‍ മറ്റൊരു ഓപ്പറേറ്റര്‍ക്ക് ഐയുസി ചാര്‍ജ് നല്‍കണം. അതുപോലെ തന്നെ ഇന്‍കമിംഗ് കോളുകള്‍ക്ക് കോള്‍ ലഭിക്കുന്ന ഓപ്പറേറ്റര്‍ക്ക് പണം ലഭിക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജിയോ നല്‍കിയിരുന്ന ഐയുസി തുക 13,000 കോടി രൂപയായിരുന്നു. പ്രതിമാസം 200 കോടി രൂപയാണ് ഐയുസി തുകയായി മാത്രം ജിയോയ്ക്ക് വന്നിരുന്നത്.
ഔട്ട്ഗോയിംഗ് കോളുകള്‍ സൗജന്യമാക്കി പ്രതിദിനം ഒരു ജിബി ഡേറ്റ നല്കി ഇന്ത്യയില്‍ ടെലിക്കോം വിപ്ലവത്തിന് തുടക്കമിട്ടത് ജിയോ ആയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റ് ടെലികോം കമ്പനികളും സമാന ഓഫറുകളുമായി രംഗത്തെത്തിയത്.
അതേസമയം, നിലവില്‍ ഔട്ട്ഗോയിംഗ് കോളുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തിയ ജിയോയുടെ നടപടി ഉപഭോക്താക്കളെ നിരാശരാക്കിയിരിക്കുകയാണ്.
10 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് – ഇതര നെറ്റ് വര്‍ക്കുകളിലേക്ക് 124 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 1 ജിബി ഡാറ്റയും ഉപയോക്താവിന് ലഭിക്കും.
20 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് – ഇതര നെറ്റ് വര്‍ക്കുകളിലേക്ക് 249 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 2 ജിബി ഡാറ്റയും ലഭിക്കും.
50 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് – ഇതര നെറ്റ് വര്‍ക്കുകളിലേക്ക് 656 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 5 ജിബി ഡാറ്റ ലഭിക്കും.
100 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് – ഇതര നെറ്റ് വര്‍ക്കുകളിലേക്ക് 1362 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 10 ജിബി ഡാറ്റയും ലഭിക്കും.
Discussion about this post