ഓഡര്‍ ചെയ്ത ഭക്ഷണം നല്‍കാനെത്തിയ സൊമാറ്റോ ഡെലിവറി ബോയ് വീട്ടിലെ നായക്കുട്ടിയുമായി കടന്നു; പരാതി

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡോട്ടുവിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്

പൂനെ: പൂനെയില്‍ ഭക്ഷണം നല്‍കാനെത്തിയ സൊമാറ്റോ ഡെലിവറി ബോയ് വീട്ടിലെ വളര്‍ത്തുനായയുമായി കടന്നു. പൂനെയില്‍ താമസിക്കുന്ന ദമ്പതികളുടെ വളര്‍ത്തുനായക്കുട്ടിയായ ഡോട്ടുവുമായാണ് ഡെലിവറി ബോയ് കടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡോട്ടുവിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്. ഡോട്ടുവിനെ മണിക്കൂറുകളായിട്ടും കാണാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇവരുടെ വീടിന് പരിസരത്ത് ഭക്ഷണവുമായി എത്തിയ മറ്റൊരു ഡെലിവറി ബോയ്‌സിനോട് ഡോട്ടുവിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സൊമാറ്റോയിലെ ഡെലിവറി ബോയിയുടെ കൈയില്‍ നായകുട്ടിയെ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയാണ് മോഷ്ടാവെന്നും കണ്ടെത്തി.

തുടര്‍ന്ന് ഇയാളുടെ നമ്പറിലേക്ക് നമ്പതികള്‍ ബന്ധപ്പെടുകയായിരുന്നു. ഇയാളോട് നായക്കുട്ടിയെ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ ഗ്രാമത്തിലേക്ക് അയച്ചെന്നും നായക്കുട്ടിക്ക് പകരം പണം നല്‍കാമെന്നും പറഞ്ഞ് ഡെലിവറി ബോയ് ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ സൊമാറ്റോയെ സമീപിച്ചു.

ഇയാളുടെ വിലാസവും ബന്ധപ്പെടേണ്ട നമ്പരും നല്‍കാന്‍ ആവശ്യപ്പെട്ട സൊമാറ്റോ അധികൃതര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ആരെങ്കിലും വീട്ടിലെത്തുമെന്ന് മറുപടി നല്‍കി. നായക്കുട്ടിയെ മോഷ്ടിച്ചെന്ന് പരാതി നല്‍കിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിനെ തുടര്‍ന്ന് മോഷ്ടാവിന്റെ വിവരങ്ങളടക്കം വന്ദനാ ഷാ ട്വിറ്ററില് പങ്കുവെച്ചു.

Exit mobile version